Wednesday, 9 March 2016

Ladies.. you are one half of the world & the reason for the other half!


വനിതാ ദിനത്തിൽ, ഒരു സ്ത്രീയുടെ അടുക്കളയിൽ കരിഞ്ഞമരുന്ന ജീവിതത്തെ കുറിച്ചുള്ള വിലാപ പൂർണമായ പോസ്റ്റ്‌ വായിച്ചപ്പോൾ ചിലത് പറയേണ്ടി വന്നു.. എന്റെ അമ്മ അടക്കമുള്ള പഴയ ജെനെറേഷൻ സ്ത്രീകൾ, കുടുംബം, മക്കളുടെ ഭാവി എന്നതിൽ കവിഞ്ഞൊരു സ്വപ്നമോ ജീവിതമോ ഉണ്ടായിരുന്നില്ല, ചിലർകെങ്കിലും മറ്റു മോഹങ്ങളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. പക്ഷെ ഭൂരിഭാഗം എഞ്ജോയ്‌ ചെയ്തത്‌, നമ്മളെ വളർത്തുന്നത്‌ തന്നെയാകണം, പരാതികളില്ലാതെ.. കാലം മാറി പുതിയ ജെനെറേഷൻ വിദ്യാഭ്യാസം ഉള്ളവരായി, അവർക്ക്‌ കുടുംബം എന്നതിനേക്കാൾ വലിയ സ്വപ്‌നങ്ങൾ ഉണ്ടായി. ഈ ജെനെറേഷൻ ഗ്യാപ്‌ ഉള്ളവർ പരസ്പരം തങൾകെന്ത്‌ വേണം എന്ന് മനസിലാക്കാതെ വിവാഹം കഴിച്ച്‌, പാതിവഴിയിൽ ഉപേക്ഷിക്കുകയോ, കുട്ടികൾകും മറ്റുള്ളവര്കും വേണ്ടി അഡ്ജസ്റ്റ് ചെയ്ത് നീറി ജീവിക്കുകയോ ചെയ്യുന്നു. നീറി ജീവിക്കുന്നവർ ചിലർ മറ്റുള്ള ബന്ധങ്ങളിലേക്ക് നീങ്ങുകയോ, ഫേസ്ബുക്ക് പോലുള്ള മാധ്യമങ്ങളിൽ ഷെയർ ചെയ്ത് മാനസികാശ്വാസം കണ്ടെത്തുകയോ ചെയ്യും. തികച്ചും സ്വാഭാവികം. ആഷിക്ക്‌ അബു, റാണി പദ്മിനിയിൽ പറഞത്‌ പോലെ ഞങ്ങൾ ആണുങ്ങൾ കണ്വീനിയൻസിന്റെ ആശാന്മാർ ആണു, തങ്ങളുടെ കടമകൾ അവരെ ഒർമിപ്പിക്കാതെ സ്വയം ചെയ്‌താൽ ഞങ്ങൾ അത് നിങ്ങളുടെ മാത്രം കടമയായി പതിച്ചു തരും. ഞാനടങ്ങുന്ന വര്ഗം, രാവിലെ എഴുന്നേറ്റില്ലെങ്കിലും, ഡിഷ്‌ വാഷിംഗ്‌, അടിക്കൽ, തുടക്കൽ, കഴുകൽ ഒക്കെ നമുക്ക് ചെയ്യാവുന്നതേ ഉള്ളൂ. ഞാനിതൊന്നും ചെയ്യുന്നതിൽ എനിക്ക്‌ ഒരു നാണക്കേടും തോന്നിയിട്ടില്ല, ഇനി അത്രക്ക്‌ തിരക്കായി ചെയ്യാൻ കഴിയില്ല എന്നാണു എങ്കിൽ, ഇതൊക്കെ നമുക്ക്‌ വേണ്ടി ചെയ്ത്‌ തരുന്ന ആളെ വാക്കുകൾ കൊണ്ടും കർമ്മം കൊണ്ടും അപ്പ്രീഷ്യേറ്റ്‌ ചെയ്യാൻ എങ്കിലും സമയം കണ്ടെത്തുക, അവരുടെ സ്വപ്നങ്ങളെ പ്രോൽസാഹിപ്പിക്കുക. "ഞാൻ നിന്റെ കയ്യിലേൽപിക്കുന്നത്, അടുക്കളയിൽ പണിയെടുക്കാനും കുട്ടികളെ പ്രസവിച്ച് വളർത്താനുമുള്ള ഒരു യന്ത്രത്തെ അല്ല, നിന്നെക്കാൾ ശാരീരികമായി ശോഷിച്ച എന്നാൽ നിന്നെക്കാൾ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉള്ള ഒരു സ്ത്രീയെ ആണ്, നീയവളുടെ സ്വപ്നങ്ങൾക്ക് താങ്ങാകുക, അവൾ നിന്റെ ജീവിതത്തിൽ തണലാകും.." മകളെ പോലെ ഒരാൾ ഉണ്ടെനിക്ക്, അവളെ കെട്ടാൻ പോകുന്നവനോട് എനിക്കിപ്പോൾ പറയാൻ തോന്നുന്നത് ഇതാണ്! ഞാൻ കുറെ മുന്പ് എഴുതിയ ഒരു പോസ്റ്റ്‌ ഞാനവർകും, അവരെ പോലെ ഉള്ളവർക്ക് വേണ്ടി സമർപ്പിക്കുന്നു.. ഇന്നൊരു ചോദ്യമുണ്ടായിരുന്നു. ഉള്ളടക്കം ഇങ്ങനെ, സ്ത്രീകൾക്ക് സൊസൈറ്റിയിൽ ഉള്ള പങ്ക്.. ഒരു വർഷത്തെ സിലബസ് ഒരു ദിവസം കൊണ്ട് പഠിച്ചത് കൊണ്ട് ,അങ്ങനെ ഒരു ഭാഗം ടെക്സ്റ്റ് ബുക്കിൽ ഉള്ളതായി ഓർത്തത് പോലുമില്ല. എങ്കിലും അത് എഴുതാനായി ഞാൻ മാർക്ക് ചെയ്തു. ജീവിതത്തിൽ ഞാനേറ്റവും കൂടുതൽ എന്നോട് പറഞ്ഞ കാര്യങ്ങൾ, എന്റെ കസിൻ പെങ്ങൾസ്‌ മുതൽ മനസിൽ കയറി ഇറങ്ങിയ ഓരോ സ്ത്രീകളോടും പറഞ്ഞ കാര്യങ്ങൾ, അതായിരുന്നു അതിന്റെ ഉത്തരം. അമ്മയുടെ വസ്ത്രത്തിൽ പിടിച്ച് തൂങ്ങി, അടുക്കളയിൽ കയറുന്ന കൊച്ചു കുഞ്ഞ് , ആണാണെങ്കിൽ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് തിരികെ പറക്കുകയും പെണ്ണാണെങ്കിൽ ജീവിതാന്ത്യം വരെ അതിനുള്ളിൽ ഉറച്ചു പോകുകയും ചെയ്യുന്നത്, എന്റെ ബാല്യത്തിലെ സ്ഥിരം കാഴ്ച ആയതിനാൽ ആകാം, വളർന്നപ്പോൾ പഠിക്കണം എന്നും ഇനിയും പഠിക്കണം എന്നും, അതില്ലെങ്കിൽ ഉള്ള കഴിവുകളെ പരിപോഷിപ്പിക്കണം എന്നും ഞാനവരോട് പറഞ്ഞത്. സ്വയംപര്യാപ്തത കൈവരിക്കുക എന്നത് ഒരു അപകട ഘട്ടത്തിലെ അനിവാര്യത മാത്രമല്ല, ജീവിക്കുന്നു എന്ന് സ്വയം തോന്നാനും, ജീവിച്ചിരുന്നു എന്ന് വരും തലമുറയ്ക്ക് മനസിലാകാനും വേണ്ടി കൂടി ആണ്. കഴിഞ്ഞ ദിവസം പഴയ ഒരു സുഹൃത്തിന്റെ പേജിൽ അവൾ ചെയ്ത ഓർണമെന്റ്സ് കണ്ടിരുന്നു. നീ സീരിയസ് ആയി എടുക്കുന്നില്ലേ എന്ന് ചോദിച്ചു, സമയമില്ല എന്നവൾ.. സമയം കണ്ടെത്തണം എന്നതായിരുന്നു എനിക്ക് പറയാനുണ്ടായിരുന്നത്. തലയാട്ടി സമ്മതിച്ചിട്ടുണ്ട്. എല്ലാവര്കും തുല്യ അനുപാതത്തിൽ ഒന്നും ലഭിച്ചുകാണില്ല, ചിലർ പഠിക്കും ചിലർ വരക്കും ചിലര് എഴുതും ചിലർ പാടും മറ്റു ചിലർ ഇതെല്ലാം ആസ്വദിക്കും അതുപോലും ഒരു കഴിവാണെന്നു തിരിച്ചറിയാൻ ഒരുപക്ഷെ മറ്റുള്ളവരുടെ വാക്കുകൾ വേണ്ടി വരും. ഈ ഇടെ ഞാൻ സന്തോഷത്തിലാണ്, മനസിൽ വേരുറപ്പിച്ച ചില മഹതികൾ ഇപ്പോളും പഠിക്കുന്നു, പാടുന്നു, വരയ്ക്കുന്നു മനോഹരമായ സൃഷ്ടികൾ നടത്തുന്നു ഉയർചകളിലെക്കു പറകുന്നു. ഈ നീലാകാശത്ത് സുന്ദരിമാരായ നിങ്ങൾ പാറി പറക്കുന്നത് കാണുന്നതിലും മനോഹരമായ കാഴ്ച എന്തുണ്ട്, ഹവ്വയുടെ പെണ്മക്കളെ.. അതിരാവിലെ എഴുന്നേറ്റ് ചായ ഉണ്ടാക്കി, ഞങ്ങളെ റെഡി ആക്കി സ്കൂളിൽ വിട്ട്, വീടും പറമ്പും വൃത്തിയാക്കി ഉച്ചക്ക് മത്തിക്കറി മുളകിട്ട് വച്ച്, നിസ്കാരപ്പായിലിരുന്നു ഖുറാൻ ഓതി, വൈകീട്ട് സീരിയൽ കണ്ട് കറിക്കരിഞ്ഞ്, അത്താഴം കഴിഞ്ഞ് ഒരു കുന്ന് പാത്രങ്ങൾ കഴുകി വച്ച്, ഞങ്ങളെ ഉറക്കാൻ കിടത്തുമ്പോൾ മുഖത്ത് കരിയുമായി ചിരിക്കുന്ന ഉമ്മയെ പോലെ നീയും കഷ്ടപ്പാടിൽ എന്നെ നോക്കി ചിരിക്കരുത് എന്ന് ഞാനെന്റെ സഹോദരിയോട്‌ പറയണം എന്നാഗ്രഹിച്ചിരുന്നു...അവൾ ഇപ്പോൾ ചിരിക്കാറില്ല, അവളുടെ മുകളിൽ തളിർത്ത് നില്കുന്ന മൈലാഞ്ഞ്ജി ചെടി വെള്ളിയാഴ്ചകളിൽ എന്നെ നോക്കി ചിരിക്കും, അപ്പോൾ ഞാൻ കരയും !

Sunday, 15 November 2015

നവംബർ 13 / പായീസ്


നവംബർ 13
ഞങ്ങളുടെ ആനിവേഴ്സറി,

കണക്കു പുസ്തകത്തിലെ അക്കങ്ങളിൽ ബന്ധിക്കപ്പെട്ട എന്റെ തിരക്കിനിടെ വരണ്ട് പോയിരുന്ന അവളുടെ ജീവിതം എന്നെ ആശങ്കപെടുത്തിയിരുന്നു, ഇടയ്ക്കിടെ നല്കുന്ന പ്രോമിസുകൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും തകർക്കപ്പെടുമ്പോൾ അവളെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.ഈ ആനിവേഴ്സറി എങ്കിലും അവളെ സന്തോഷിപ്പിക്കണം എന്ന് കരുതിയാണ്, ബോസ് സിറിലിനോട് വഴക്കിട്ടാണെങ്കിലും പത്ത് മുതൽ ഒരാഴ്ച അവധി വാങ്ങിയത്.

എറിക് കാന്റനയെ പറ്റി അവൾ സംസാരിച്  തുടങ്ങിയാൽ ഞാൻ തടയില്ല, ഇംഗ്ലീഷ് ഫുട്ബാളിനെ പ്രണയിച്ച ഫ്രഞ്ച്കാരൻ എറിക് കാന്റനയെ അവൾക് വലിയ ഇഷ്ടമായിരുന്നു, നീയും മാർസൈയിൽ നിന്നായത് കൊണ്ടാണ് എന്ന് ഞാനെപ്പോളും കളിയാക്കും.

"കിംഗ്‌ എറിക് വരുന്നുണ്ട്, ജോ, did you know...?"
"No, I don't... but i know that you are going to see him..."

ഞാനത് പറഞ്ഞപ്പോൾ അവൾ ഞെട്ടിയതും മുഖം സന്തോഷം കൊണ്ട് ചുവന്നതും ഞാൻ നോക്കിനിന്നു. ഫ്രാൻസ് - ജെർമനി സൌഹൃദ മത്സരത്തിന്റെ ടിക്കെറ്റ്സ് ഞാനവളുടെ കൈകളിലേക്ക് കൊടുത്തു. നല്കാതെ പോയ സന്തോഷങ്ങളുടെ നഷ്ടബോധത്തിൽ എന്റെ കണ്ണുകൾ നനഞ്ഞു.

ഞങ്ങൾ ഫ്രാൻസുകാർ ഇങ്ങനെയാണ് രാജ്യം ഒരു വികാരമാണ്,
Stade de France സ്റ്റേഡിയവും അതിനു സാക്ഷി ആയിരുന്നു, തിങ്ങി നിറഞ്ഞ കാണികൾ, പൊങ്ങി പറക്കുന്ന പതാകകളും, നീലയും വെള്ളയും ചുവപ്പും ചായം തേച്ച മുഖങ്ങളും. ഞാൻ അവളെ മാത്രം നോക്കി, പോഗ്ബയും ദിയാറയും ബാളുമായി ജർമ്മൻ ബോക്സിലേക്ക് അടുക്കുമ്പോളും, ലോറിയസ്‌ പതറുംബോളും അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ ഞാൻ ഒപ്പിയെടുത്തുകൊണ്ടിരുന്നു. കുറെ നേരമായി റിംഗ് ചെയ്യുന്ന ഫോണ്‍ ഇഗ്നോർ ചെയ്യുകയായിരുന്നു ഞാൻ. ഒടുവിൽ സിറിൽ, നിർത്താൻ ഭാവമില്ല എന്ന് കണ്ടപ്പോൾ, കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാമെന്ന് പറഞ്ഞ് ഇറങ്ങി, അപ്പോളും അവളെ ഞാൻ ഒന്ന് തൊട്ടില്ല.

ആരവങ്ങൾ ഇല്ലാത്ത സ്റ്റെഡിയതിന്റെ പുറത്ത് തിരികെ വിളിക്കാൻ, ഫോണ്‍ എടുത്തതും ആദ്യം ഒരു പൊട്ടൽ മാത്രം ചെവിയിൽ,തെറിച്ചു വീണു, എവിടെയൊക്കെയോ അടിച്ചു, കടുത്ത വേദന, അനങ്ങാൻ കഴിയുന്നില്ല, ആളുകൾ പരക്കം പായുന്നു, ആരോ എന്റെ കാലിൽ ചവിട്ടികൊണ്ട് ഓടി, കാലിൽ തൊട്ടുനോക്കാൻ ഭാവിച്ചപ്പോളാണ് എനിക്ക് കൈകൾ ഇല്ല എന്ന് ഞാനറിയുന്നത്. ഇടക്കെപ്പൊളോ ബോധം നഷ്ടപ്പെട്ടു.

ഇപ്പോൾ ഒരു തണുത്ത്‌ വിറക്കുന്ന ഒരു പെട്ടിക്കകതാണ് ഞാൻ. അവളും അമ്മയും വന്നപ്പോൾ എന്നെ നോക്കി അലറിക്കരഞ്ഞു, കരയണ്ട എന്ന് പറയണം എന്ന് എനിക്കുണ്ടായിരുന്നു, അപ്പോളാണ് ഡോക്ടർ അവരോടു പറഞ്ഞത്, രക്തം വാർന്നാണ് ഞാൻ മരിച്ചത് എന്ന്. ഞാൻ മരിച്ചിരിക്കുന്നു. ഉറക്കെ കരയാനും, അവളോട്‌ ഒറ്റക്കാക്കി പോകല്ലേ എന്ന് പറയാനും തോന്നി, പേടിപ്പെടുത്തുന്ന ഒരു ഇരുട്ട് എന്നെ വന്നു മൂടി.

ഐസിസിനെതിരെ ഫ്രാൻസ് ഒരിക്കലും റഷ്യയുടെ കൂടെ കൂടരുരുതായിരുന്നു എന്നും,
സിറിയൻ അഭയാർഥികളെ സ്വീകരിക്കരുത് എന്നും സിറിൽ പറയുമ്പോൾ,
സൊലിമാനും ഞാനും അത് രണ്ടും ആവശ്യമാണ്‌ എന്ന് തർകിക്കും,
ഓഫീസിൽ ഡിബേറ്റുകൾ തുടങ്ങിയത് ഷാർലി ഹെബ്ദൊ സംഭവത്തോടെ ആണ്.

ഞാനീ ഇരുട്ടിൽ ആരോരുമില്ലാതെ വിറങ്ങലിച് കിടക്കേണ്ടി വന്നത്, എന്റെ രാജ്യം, അഭയാർഥികളെ സ്വീകരിച്ചത് കൊണ്ട് ആണ് എന്നോ, ഐസിസിനെതിരെ തിരിഞ്ഞത് കൊണ്ടാണ് എന്നോ സ്ഥിരീകരിചെക്കാം, എങ്കിലും പുറം ലോകത്ത് എന്നെ പോലെ ഉള്ള നൂരുകണക്കിന് ആളുകളുടെ മരണവും രാജ്യത്തിന്റെ കണ്ണുനീരും ഇസ്ലാമിസ്ടുകളും ഇസ്ലാമോഫോബിസ്ടുകളും ആഘോഷിക്കുകയാണ്.  ഇതും അതും രാഷ്ട്രീയം മാത്രമാണ് എന്ന് ഒന്നും നേടാനോ  നഷ്ടപ്പെടാനോ ഇല്ലാത്ത ഈ ലോകത്തിരുന്നു എനിക്ക് കാണാം.

ഇന്ന്, "ഞങ്ങൾക്ക് ഭയമില്ല" എന്ന് ഫ്രഞ്ച് ജനത വിളിച്ചു പറയുകയും തിരിച്ചടിക്കാൻ ഗവണ്മെന്റ് ഇറങ്ങിതിരിക്കുകയും ചെയ്യുന്നു, നിർവികാരത എന്നെ പൊതിഞ്ഞിരിക്കുന്നു, അവസാനമായി അവളെ ഒന്ന് തൊടാൻ കഴിയാതെ, കരയരുത് എന്ന് പറയാൻ കഴിയാതെ എന്റെ അകം നീറുന്നു,,
മരണത്തിനു ശേഷം, രാഷ്ട്രീയമില്ലല്ലോ!

Sunday, 11 October 2015

Incendies - ചുറ്റും രക്തം !!അവൾ നടക്കുകയാണ്.
ഷെല്ലുകൾ തകർത്ത വീടുകളുടെ ചുവരുകൾകിടയിലൂടെ 
കത്തിയമർന്ന അവയുടെ കരി പിടിച്ച അവശേഷിപ്പിലൂടെ 
പഴയ ടെൽ അവീവെന്ന യുദ്ദഭൂമിയുടെ ബാകിപത്രത്തിലൂടെ..
അവൻ മുൻപത്തെ പോലെ അസ്വസ്ഥൻ ആണ്. അവനെന്നും അസ്വസ്ഥൻ ആയിരുന്നു, അമ്മയുടെ ചില ഭ്രാന്തൻ ബിഹേവിയറുകൾ അവനു തീരെ പിടിച്ചിരുന്നില്ല, അച്ഛൻ എവിടെയെന്ന ചോദ്യത്തിന്റെ ഉത്തരമായി എപ്പോളും അവർ നൽകാറുള്ള മൌനം അവനെ ചൊടിപ്പിച്ചിരുന്നു.
മരിച്ചതിനു ശേഷം, വിൽ പത്രത്തിന്റെ കൂടെ എഴുതി വച്ച കത്തിൽ, തന്നെ നഗ്നയായി കമിഴ്ത്തി മറവ് ചെയ്യണം എന്ന ആഗ്രഹം കേട്ടപ്പോൾ, "തള്ളക്ക് മുഴുത്ത വട്ടായിരുന്നു.." എന്നവൻ പിറുപിറുത്തു. അച്ഛനെയും അവരറിയാത്ത സഹോദരനേയും കണ്ടു പിടിക്കണം എന്ന ആവശ്യവും അവൻ നിഷ്കരുണം തള്ളി.
സ്ത്രീകൾ എപ്പോളും ക്ഷമയുള്ളവർ ആയിരുന്നു, ചരിത്രാതീത കാലം മുതൽ കേട്ട് കേൾവിയുള്ള എല്ലാ കഥകളിലും സ്ത്രീകൾ സാധുക്കളും ദയയും ഉള്ളവരായിരുന്നു, അല്ലെങ്കിൽ സ്ത്രീകളുടെ മാനുഷിക ഭാവം തന്നെ അങ്ങനെ ആണ്.
അവൾ അമ്മയെ അനുസരിക്കാൻ തീരുമാനിച്ചു.
അവൾ നടക്കുകയാണ്.
ഷെല്ലുകൾ തകർത്ത വീടുകളുടെ ചുവരുകൾകിടയിലൂടെ
കത്തിയമർന്ന അവയുടെ കരി പിടിച്ച അവശേഷിപ്പിലൂടെ
പഴയ ടെൽ അവീവെന്ന യുദ്ദഭൂമിയുടെ ബാകിപത്രത്തിലൂടെ..
ഇരുപത്തഞ്ഞ്ജ് കൊല്ലങ്ങൾക്ക് ഇപ്പുറം ടെൽ അവിവിലെ അയൽവാസികൾക് പിഴച്ച് പോയവളും, മറ്റുള്ളവർക്ക് രാജ്യത്തിന്റെ നന്മക്ക് യുദ്ദതിനെതിരെ പോരാടിയ വിപ്ലവകാരി ആയ ഒരു യൂണിവേഴ്സിറ്റി സ്റ്റുഡെന്റും ആയിരുന്നു തന്റെ അമ്മ എന്ന തിരിച്ചറിവ് അവൾക് ലഭിക്കുന്നതോടെ സഹോദരനെ അറിയിക്കുന്നു.
തങ്ങളുടെ പിതാവ് ആരാണെന്നും സഹോദരൻ എവിടെയാണ് എന്നുമുള്ള അന്വേഷണത്തിന്റെ ഒടുവിൽ ആ ഇരട്ട സഹോദരി സഹോദരങ്ങൾ തിരിച്ചറിയുന്ന സത്യങ്ങൾ, ഒരു അലറിക്കരച്ചിൽ മാത്രമേ നമ്മളിൽ അവശേഷിപ്പിക്കൂ.
"ഇന്സെന്ടിസ്" എന്ന സിനിമ എന്നിൽ അവശേഷിപ്പിച്ച മുറിവുകൾ വച്ച് കെട്ടി ജീവിക്കുക എന്നത് ശ്രമകരമാണ്, തെരണ്ടി വാലിന്റെ പ്രഹരമേറ്റ്‌ ഉണങ്ങാതെ നില്കുന്ന മുറിവ് പോലെ ഓർകുമ്പോൾ രോമകൂപങ്ങൾ പോലും കണ്ണുനീർ വാർകുന്ന ചില ജീവിതങ്ങൾ, സിനിമകൾ.

പിന്നീടെന്റെ ജീവിതം Incendies-ന് മുന്പും ശേഷവും എന്ന് വിഭജിക്കപ്പെട്ടു!

Thursday, 17 September 2015

ഞെട്ടറ്റു വീഴുന്ന ഇലകൾ!

ഞെട്ടറ്റു വീഴുന്ന ഇലകൾ കണക്കെ
ദിനരാത്രങ്ങൾ കീഴ്മേൽ
മറിഞ്ഞ്‌ പൊഴിയുന്നു..
ഈർക്കിൽ അഞ്ജാക്കി മടക്കി ഒടിച്ച്‌
തിണ്ണയിൽ എറിയുന്ന കളിയിൽ തോറ്റ്‌
കരഞ്ഞ ഞാനിപ്പോൾ പൊഴിയുന്ന
വെള്ളിരോമങ്ങൾ നോക്കി
ചിരിക്കാൻ പഠിചിരിക്കുന്നു

ജനിപ്പിച്ചവരുടെ
വിശാലമനസ്കതയിൽ
ഉയർന്നു പറക്കവേ, ഒരു ദിവസം
ഞാനവരുടെ ശവമഞ്ജം ചുമക്കും
അന്നെന്റെ ധമനികൾ
രക്തം കണ്ണുകളിലേക്കൊഴുക്കും
വള്ളി പൊട്ടിയ പട്ടം പോലെ പതിക്കും
മനസിനൊപ്പം കയ്യെത്താതെ കിതക്കും
ഞാനാരെന്നോർത്തോർത്തോരു സന്ദ്യക്കു
ഞാനാർക്കൊ ആരോ ആയിമാറും

വീണ്ടുമാ തിണ്ണയിൽ മലർന്നു കിടക്കും
സൂര്യൻ എന്നെയുംകൊണ്ട്‌
അറബിക്കടലിൽ മുങ്ങാംകുഴിയിടും
രാവിലെ വെറും കയ്യോടെ മടങ്ങും

പിന്നെയും
മഴ പെയ്യുകയും
ചെടികൾ തളിർകുകയും
ഇലകൾ മുളക്കുകയും
കാറ്റിലുലയുകയും
പഴുക്കുകയും
പൊഴിയുകയും
ചെയ്യും..

മരണാഞ്ജലി !


അമ്പത് വയസ്സുള്ള ഒരു ബന്ധു മരിച്ചു.
എണ്‍പതോളം വയസുള്ള ഉമ്മ തലക്കൽ ഇരിക്കുന്നു,
ഞാനവരെ തന്നെ നോക്കി. ചുളിവുകൾ തീർത്ത
ചാലുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നു,
എന്തൊക്കെയോ പറയണമെന്നും പൊട്ടിക്കരയണമെന്നും അവർ
ആഗ്രഹിച്ചിരുന്നു, അതിനു തക്ക ആരോഗ്യം പോലുമവർകുണ്ടായില്ല.

മൈലാഞ്ചി ഇലകളുടെയും അത്തറിന്റെയും മണം
ബാക്കിയാക്കി അയാളാ വീടിന്റെ പടി കടന്നു പോയി,
ചോര നീരാക്കി ഉണ്ടാക്കിയ വീട് വിട്ട് എനിക്ക് പോകണ്ട
എന്ന് നിലവിളിച്ചിരിക്കാം, കണ്ണുനീർ വറ്റിയ ഉമ്മയെ നോക്കി
ഏങ്ങി കരഞ്ഞിരിക്കാം, മക്കളോട് ഒരു വാക്ക് മിണ്ടാൻ കൊതിചിരിക്കാം.
എന്തോ, ഞാനൊന്നും കേട്ടില്ല .. ചില അടക്കിപ്പിടിച്ച കരച്ചിലുകൾ അല്ലാതെ..

വെള്ള പൊതിഞ്ഞ് പോകാനായി എന്ന് സ്വയം തോന്നിയ ചിലർ മാത്രം
നിശബ്ദമായി ശൂന്യതയിലേക്ക് മിഴികളെ മേയാൻ വിട്ടുകൊണ്ടവിടെ കുത്തിയിരുന്നു.

മരിച്ച ആളിന്റെ സമപ്രായക്കാർ, മാതൃഭൂമി പത്രത്തിന്റെ ചരമ കോളം നോക്കി
പരസ്പരം ആശ്ചര്യം പ്രകടിപ്പിച്ചു, ചിലർ സ്ഥലക്കച്ചവടത്തിന്റെ ചർച്ചകളിൽ മുഴുകി.

എന്നെക്കാൾ മുൻപേ പാടത്ത് കളിക്കുകയും, ഗൾഫിൽ പോകുകയും ചെയ്ത
ചിലർ മരിച്ച ആളുടെ ഗള്ഫിലെ വീര കഥകൾ പറഞ്ഞ് നഖം കടിച്ചു വെളുപിച്ചു,

മരിച്ച ആൾക് മഹത്വങ്ങൾ മാത്രമേ കാണൂ എന്ന് ഞാൻ പിറുപിറുത്തത് തല നരച്ച ആൾക് ഇഷ്ടമായില്ല എന്ന് തോനുന്നു, കണ്ണുകളെ കുറച്ചു നേരം എന്റെ മുഖത്തേക്ക് പറഞ്ഞയച്ചു.

എന്റെ പ്രായത്തിലുള്ളവരെ അധികമവിടെ കണ്ടില്ല,
ഞങ്ങൾക്ക് ഒന്നിനും നേരമില്ലല്ലോ, ഉമ്മ നിർബന്ധിച്ചത് കൊണ്ട് ഞാൻ...

Tuesday, 8 September 2015

Funny Games.. നതിംഗ് ഫണ്ണി എബൌട്ട്‌ ഇറ്റ്‌ !!

എന്തിന് വേണ്ടിയാണവർ ഈ ക്രൂരത ചെയ്തതെന്ന് ആരും പറഞ്ഞില്ല,
മാനസിക വൈകല്യമുള്ളവർ ഇത്തരത്തിൽ കൃത്യമായി പെരുമാറുമോ
എന്ന സംശയവും മനസ്സിൽ തൂങ്ങിയാടി നിന്നു..
കഴിഞ്ഞ ദിവസം കണ്ട സിനിമ, ഫണ്ണി ഗെയിംസ്,
അതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

പതിവുള്ള സിനിമാ സമയത്ത് ഇന്നലത്തെ നറുക്ക് വീണത് Michael Haneke യുടെ Funny Games നു. സൌണ്ട് സിസ്റ്റെം മൂളി തുടങ്ങി, കണ്ണടയുടെ ലെൻസ്‌ തുടച്ച് ഞാൻ പില്ലോയിലേക്ക് ചാഞ്ഞു.

വെക്കേഷൻ ആസ്വദിക്കാൻ തയ്യാറെടുക്കുന്ന ഭാര്യയും ഭർത്താവും മകനുമടങ്ങുന്ന
ആ കുടുംബത്തിലേക്ക്, മുട്ട കടം ചോദിച്ചുകൊണ്ട് വരുന്ന ഒരു യുവാവ്, ശേഷം
അവനെ തേടി വരുന്ന മറ്റൊരുവൻ. രണ്ടുപേരും ചേർന്ന് പതിയെ അവരെ
സ്വന്തം വീട്ടിൽ ബന്ധികൾ ആക്കുകയാണ്.

ശബ്ദകൊലാഹലങ്ങളൊ ആയുധങ്ങളുടെ കൂട്ടപ്പൊരിചിലൊ രക്തം ചിന്തലൊ ഇല്ലാതെ തന്നെ, പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞു എന്ന് എന്നിലെ സിനിമാ പ്രേമി വിലയിരുത്തുമ്പോളും, അവർകൊന്നെഴുന്നെറ്റ് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ, ആർകെങ്കിലും
ഫോണ്‍ ചെയ്യാൻ കഴിഞ്ഞെങ്കിൽ, അടിച്ച് വീഴ്ത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
നവോമി വാട്സ് അവതരിപ്പിച്ച വീട്ടമ്മയുടെ കണ്ണുകൾ എന്നെ പീടിപ്പിച്ചുകൊണ്ടിരുന്നു, മകന്റെ മുൻപിൽ വസ്ത്രാക്ഷേപയാക്കുന്ന ആ നിമിഷം ഭൂമി പിളര്ന്നു താഴൊട്ട് പോയെങ്കിൽ എന്നാശിച്ചു.കാലിൽ ഏല്പിച്ച മുറിവ് മൂലം അനങ്ങാൻ കഴിയാത്ത ഭർത്താവിന്റെ നിസ്സഹായതയിൽ ഞാൻ തേങ്ങി.
 ഇടക്ക് മകൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാനെന്റെ കാലുകൾ അവനു കടം നല്കി. ഒടുവിൽ അവന്റെ രക്തം ടീവിയിലേക് ചീറ്റിയപ്പൊൾ, ഒരുനിമിഷം ഞാൻ കണ്ണടച്ച് പിടിച്ചു.
എന്നിട്ടും ഞാൻ ആശ്വസിച്ചു, I Spit On Your Grave എന്ന സിനിമയും ഒരിക്കലെന്നെ ഇതുപോലെ ശിക്ഷിച്ചതാണ്, പക്ഷെ അക്രമികൾക്ക് തക്ക ശിക്ഷ നല്കിയ ക്ളൈമാക്സ് എന്നെ ഏറെ ആശ്വസിപ്പിചച്ചിരുന്നു. അങ്ങനെ ഒരു ഭാഗം ഇല്ലാത്ത കഥകൾ ഉണ്ടാകാറില്ല എന്ന വിശ്വാസം അവസാനം വരെ എന്നെ പിടിച്ചിരുത്തി.

ഒരു ഭാവമാറ്റവും ഇല്ലാതെ അവർ അടുത്ത വീട്ടിൽ മുട്ട ചോദിച്ചു ചെല്ലുംബോൾ, കുപ്പിയിലെ തണുത്ത വെള്ളം മുഴുവൻ ഞാൻ കുടിച്ചു വറ്റിച്ചു.


സിനിമകൾ ജീവിതത്തെക്കാൾ വേദനിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഡൽഹിയിലെ പെണ്‍കുട്ടിയും സൌമ്യയും മറ്റനേകം മുഖങ്ങളും മനസിലേക്കോടിയെത്തി ചോദിച്ചു, "അപ്പോൾ ഞങ്ങളോ ...?"

കണ്ണടച്ചിരിക്കുമ്പോൾ ബിരുദത്തിനു പഠിപ്പിക്കുന്ന മകൾ ചോദിച്ചു,
"ഇതെന്ത് സിനിമയാ എന്നെ കാണിക്കുന്നത്, തിന്മ ജയിക്കോ,
തിന്മ ജയിക്കാൻ പാടുണ്ടോ..?"

കണ്ണുതുറക്കാതെ ഞാനെന്റെ ഫിലോസഫി കെട്ടഴിച്ചു, "നന്മയുടെ ജയം നടക്കുന്നത് രണ്ടു ഇടങ്ങളിലാണ്, കഥകളിലും ദൈവസന്നിധിയിലും..പിന്നെ..." പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ തൊണ്ട ഇടറി ..

നടുനിവർത്തി കിടന്നിട്ടും ഉറക്കം തിരിഞ്ഞ് നോക്കാതെ ദൂരേക്ക് നടന്നകന്നു, അതിനിന്നലെ ആ സിനിമയിലെ സൈക്കോപാത്തിന്റെ കണ്ണ്കൾ ആയിരുന്നു, ദയയെന്ന വികാരം തോട്ടുതീണ്ടാത്തവ !

JOHN Q.. പിതാവും പുത്രനും !!2002-ൽ പുറത്തിറങ്ങിയ "JOHN Q"എന്ന ഈ സിനിമ രണ്ടു ദിവസം മുന്പാണ് കണ്ടത്, 
ഹൃദയസ്പർശിയായ ഒരു സീനുണ്ട് അതിൽ, ഒരു പിതാവും പുത്രനും തമ്മിലുള്ള അത്യപൂർവ നിമിഷം !
ഡെൻസൽ വാഷിങ്ങ്റ്റണ്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന  ഭാവങ്ങൾ..
ഹൃദയം മാറ്റിവെക്കാൻ ഡോക്ടർ റെഡി ആകുമ്പോൾ ചേരുന്ന ഡോണർ ഇല്ല എന്ന് കണ്ട് ആത്മഹത്യ ചെയ്ത് സ്വന്തം ഹൃദയം മകന് നല്കാൻ ജോണ്‍ തീരുമാനിക്കുന്നു, ശേഷം മകനെ അവസാനമായി കാണാൻ പോകുന്ന സീൻ ആണ് ഞാൻ പറഞ്ഞുവരുന്നത്.
ജോണ്‍, മകന് നല്കുന്ന ഉപദേശം പ്രേക്ഷകരുടെ കണ്ണുകൾ നിറയ്ക്കും എന്ന് കണ്ടവർക്ക് സംശയമുണ്ടാകില്ല, മാത്രമല്ല, ഒരാൾ തന്റെ മകന് നല്കേണ്ട ഏറ്റവും നല്ല ഉപദേശങ്ങൾ ആണെന്നും എനിക്ക് അഭിപ്രായമുണ്ട്.
സീനിലേക്ക് :
ജോണ്‍, മകന്റെ മുഖത്ത് നോക്കി അടുത്തിരിക്കുന്നു.
"ഹേയ് മൈക്ക്, (നിഷ്കളങ്കമായി ചിരിക്കുന്നു) ഒരു നിമിഷം നീ ഉറങ്ങി പോകാതെ ഇരിക്കണം, എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്.
നീ എപ്പോഴും നിന്റെ അമ്മ പറഞ്ഞതനുസരിക്കണം ..മനസിലായോ..? 
അവർ പറയുന്നത് ചെയ്യണം.. അമ്മയാണ് നിന്റെ ബെസ്റ്റ് ഫ്രെണ്ട്.. 
നീ അമ്മയെ സ്നേഹിക്കുന്നു എന്ന് എന്നും അവരോടു പറയണം.
(ചിരിച്ചുകൊണ്ട്) നീ ഇപ്പോൾ വളരെ ചെറുതാണ്, പെണ്‍കുട്ടികളുടെ വിഷയത്തിൽ... പക്ഷെ ഒരു സമയം വരും.. അന്ന് നീ അവരെ രാജകുമാരിയെ പോലെ ട്രീറ്റ് ചെയ്യണം..കാരണം അവർ രാജകുമാരിമാർ ആണ്..
മോനെ, നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, (കണ്ണ് നിറയുന്നു ) 

നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, നീ അത് ചെയ്യണം...
കാരണം, വാക്കാണ്‌ നിന്റെ എല്ലാം, അതാണ്‌ നിന്നെ നീ ആക്കുന്നത്..
ആ.. പിന്നെ,, (മുഖം മുറുകുന്നു) നീ പൈസ ഉണ്ടാക്കണം, നിനക്ക് ചാൻസ് കിടുമ്പോളൊക്കെ പൈസ ഉണ്ടാക്കണം..നിന്റെ അച്ഛനെ പോലെ സ്റ്റുപിഡ് ആകരുത്.. ജീവിതത്തിൽ, പൈസയുള്ളവർക് എല്ലാം ഈസിയാണ് മോനെ..
നീ സിഗരറ്റ് വലിക്കരുത്, മനുഷ്യരോട് ദയവുള്ളവൻ ആകണം, 
നിന്നെ ആർകെങ്കിലും ആവശ്യം വന്നാൽ, നീ എഴുന്നേറ്റ് നില്കണം ..
ആണുങ്ങളെ പോലെ ..
പിന്നെ മോനെ .. നീ ചീത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനില്കണം, പ്ലീസ്..
ദയവായി, ചീത്ത കാര്യങ്ങളുമായി നീ ഇടപഴകരുത്..
ഒരുപാട് മഹത്തായ കാര്യങ്ങൾ നിനക്ക് ചെയ്യാനുണ്ട്... (കരയുന്നു)
ഞാൻ നിന്റെ കൂടെ ഉണ്ട് ..! (ഹൃദയത്തിൽ കൈ വക്കുന്നു)
ഐ ലവ് യൂ, മോനെ ... (നെറുകയിൽ ചുംബിച് തിരിഞ്ഞ് നടക്കുന്നു )