Sunday, 2 June 2013

ഗുണ്ടബിനുവിന്റെ കല്ല്യാണം!


മനസിനും ശരീരത്തിനും ഒരേ താളമായിരുന്ന കാലത്ത് എന്റെ നാട്ടിലെ "ഗുണ്ടബിനു" ആയിരുന്നു ഷിജാസ്. നരൻ സിനിമ കണ്ട നാട്ടിലെ അമ്മമാർ കുട്ടികൾക്ക് അവനെ കാണിച്ചു പേടിപ്പിച്ച്  ചോറ് കഴിപ്പിക്കുന്ന അവസ്ഥ സംജാതമായപ്പോൾ  വീട്ടുകാർ ചേർന്ന് ഗള്ഫിലേക്ക് പാക്ക് ചെയ്തു വിട്ടു. അല്ല, അതങ്ങനെ ആണല്ലോ.
നരനിലെ ലാലേട്ടൻ!
ഗുണ്ട ബിനു ഷിജാസിന്റെ മാതൃക !
പഴയകാല സിനിമകളിൽ കാണുന്നത് പോലെ, ഗള്ഫിലെ പച്ചയായ ജീവിതം അവനെ മറ്റൊരു മനുഷ്യനാക്കി, രണ്ടു മൂന്നു വർഷങ്ങൾ കൊണ്ടവൻ വീടിനും കുടുംബക്കാര്കും വേണ്ടപ്പെട്ടവനായി മാറി. "മോനെ നീ വേഗം ലീവ് എടുത്തു വാ, നിനക്ക് പെണ്ണ് കെട്ടണ്ടേ... നിനക്കും വേണ്ടേഡാ ഒരു കുടുംബവും ജീവിതവുമൊക്കെ...” കേറ്റി വിടാൻ മുന്കൈ എടുത്തു പ്രവര്ത്തിച്ച ഉമ്മ തന്നെ സ്നേഹത്തിൽ പൊതിഞ്ഞ  ഉപദേശം തുടങ്ങി. അവന്റെ മൌന സമ്മതത്തോടെ ആലോചനകളും തുടങ്ങി. 

നിർബന്ധങ്ങൽക് വഴങ്ങി ഷിജാസ് നാട്ടിലേക്ക് മടങ്ങി. പെണ്ണ് കാണാൻ പോയിടത്ത് നിന്നൊക്കെ  സുന്ദരനും മാന്യനുമായ ഷിജാസിനെ ബോധിച്ച പെണ് വീട്ടുകാർ, പിന്നീട് ഒരു കാരണവും പറയാതെ ഒഴിഞ്ഞു മാറി. ഇതൊരു തുടര്കഥ ആകുകയും ലീവ് കഴിയുകയും ചെയ്തതോടെ പെണ്ണ് കിട്ടാതെ അവനു തിരിച്ചു പോകേണ്ടി വന്നു. എങ്കിലും, പെണ്ണന്വേഷണവും മുടങ്ങലും ആവര്ത്തിച്ചു കൊണ്ടിരുന്നു.

കുറച്ച് നാളുകള്ക്ക് ശേഷം, കവലയി ഇസുസു എഞ്ചിൻ ഘടിപ്പിച്ച ഒരു അമ്ബാസ്സിടർ  കാര് വന്നു നിന്നു, അതിൽ നിന്നിറങ്ങിയ ഒരു കദർ വേഷധാരി പലചരക്കു കട നടത്തുന്ന രാമേട്ടനോട്‌, ഷിജാസിനെ കുറിച്ച് തിരക്കുന്നത് കേട്ട് ഞാൻ ചെവിയോർത്തു. കച്ചവടം ഒന്നുമില്ലാതെ ചെവിയിൽ തൂവൽ തിരുകി കൊണ്ടിരുന്ന രാമേട്ടൻ ഇത് കേട്ടപ്പോൾ ഉഷാറായി എഴുന്നേറ്റ് നിന്നു…

"ങാ..കല്ല്യാണാലോചനയാകും ല്ലേ, നല്ല കാര്യാട്ടാ... അവനെ പോലെ നല്ലൊരു പയ്യന് ഈ ഭാഗതില്ല, ചെറുപ്പത്തിന്റെ ചില കുരുത്തക്കേടുകൾ ഉണ്ടായിരുന്നു, അതിപ്പോ എല്ലാര്കും ഉണ്ടാകൊല്ലോ.. എന്നാലും ഇപ്പൊ ദേ ഗൽഫിലൊക്കെ പോയി സമ്പാദിച്ചു കുടുംബം നോക്കുന്നു...” വന്നയാൽ സന്തോഷത്തോടെ പോകാൻ ഇറങ്ങുമ്പോൽ രാമേട്ടൻ പിറകിൽ നിന്നും.. "പിന്നേയ്.. എന്നോടഭിപ്രായം ചോദിച്ചുന്ന്.. ആ ചെക്കനോട് പോയി പറയണ്ട ട്ടാ, വേറെ ഒന്നല്ല, അവൻ കള്ള് കുടിചെന്റെ മെക്കിട്ടു കേറും  ..."

കാര് വന്ന വഴി തിരിച്ചു പോയി!