Showing posts with label പഴംകഥകള്‍. Show all posts
Showing posts with label പഴംകഥകള്‍. Show all posts

Monday, 21 July 2014

ഞാൻ എന്ന റസൂൽ !

"അന്നയും റസൂലും" ആറാമത്തെ തവണ കണ്ടു.

എന്റെ പ്രണയത്തിൽ ഒരു റസൂലായിരുന്നില്ല ഞാൻ,
എങ്കിലും ഞാൻ ഒരിക്കൽ ഒരാൾക്‌ വേണ്ടി റസൂൽ ആയിട്ടുണ്ട്‌..

കരിഷ്മ കപൂറിന്റെ ലുക്കുണ്ടവൾക്‌ എന്നു പറഞ്ഞു കാണിച്ച്‌ കൊടുത്തപ്പോ,
ഏത്‌ ഭാഗം കൊണ്ടെന്നു ചോദിച്ച പ്രിയ സുഹൃത്ത് പ്രിയൻ ആദ്യമെന്നെ നിരുത്സാഹപ്പെടുത്തി..

പിറകെ ദാ അബുവും കോളും വരുന്നു, അവളുടെ പിറകെ നടക്കുന്ന സ്കൂളിലെ പ്രസിദ്ദരുടെ  ലിസ്റ്റുമായി.. ഞാൻ തളരുമോ.. ലോകത്ത്‌ തളരാത്ത ഒരു തൊഴിലാളി വർഗ്ഗമുണ്ടെങ്കിൽ അത്‌ കാമുകന്മാരാകും..

എന്റെ പ്രേമം കൂടുതൽ ശക്തിയാർജ്ജിച്ച്‌ ഓടിത്തുടങ്ങി..
അവൾ കയറുന്ന ബസ്സിൽ,
ഇറങ്ങുന്ന സ്റ്റോപിൽ,
നടക്കുന്ന വഴിയിൽ,
വീടിനു മുന്നിലെ കാസറ്റ്‌ കടയിൽ,
കോളേജിനു മുന്നിലെ സ്റ്റുഡിയോയിൽ..

ആ കണ്ണുകളിൽ നോക്കിയത്‌ പറയാനുള്ള ധൈര്യം എന്നിലെ റസൂലിനുണ്ടായില്ല..
ഈ കഥയിലെ റസൂലിന്റെ കൂട്ടുകാരൻ അബു, നിസാമിനോട്‌ ഞാൻ കാര്യം പറഞ്ഞു..

വെട്ടൊന്നു മുറി രണ്ട്‌ എന്ന ഫിലോസഫി കൊണ്ട്‌ നടക്കുന്നവനെ
ആണല്ലോ അബു എന്നു വിളിക്കപ്പെടുന്നത്‌..


കൂടൽമാണിക്യം അംബലനടയിൽ വച്ചായിരുന്നു ആ മംഗള കർമ്മം നടന്നത്‌..

ഗാനമേളയുടെ പിരിവിനു വിൻസെന്റ്‌ ചേട്ടന്റെ സൈക്കിൾ കടയിൽ നിൽകുകയായിരുന്നു ഞങ്ങൾ രണ്ടും, താഴോട്ട്‌ നോക്കി വേഗത്തിൽ നടക്കുകയായിരുന്ന അവളെ കണ്ടതും, ഒരു പ്രകോപനവും ഇല്ലാതെ അവൻ ചാടി കുറുകെ നിന്നു.. അംബരന്നു നിന്ന എന്നെ ചൂണ്ടിക്കാണിച്ച്‌ അവൻ പറഞ്ഞു..

"ടീ, അവനു നിന്നെ ഇഷ്ടമാണെന്നു.."

നിർവ്വികാരതയോടെ എന്നെ ഒന്നു നോക്കിയിട്ടവൾ നടന്നകന്നു..
നേരിട്ട്‌ പറയാൻ ധൈര്യമില്ലാത്ത കാമുകന്റെ മനോവേദനയുമായി ഞാൻ അത്‌ നോക്കി ഞാൻ നിന്നു..

എതോ യുദ്ദം ജയിച്ച യോദ്ദാവിനെ പോലെ നിസാം എന്നോട്‌ പറഞ്ഞു..

"പോരെ..?? .. നീ നോക്കിക്കോ മോനെ.. ഇന്നവൾക്‌ ഉറക്കമുണ്ടാകില്ല..
ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത്‌ കേട്ട്‌ കോരിത്തരിച്ച്‌ ഞാനന്നു ഉറങ്ങാതെ സ്വപ്നം കണ്ടു.. അന്നു രാത്രി,
ഞങ്ങളൊരുമിച്ച്‌ മാസിൽ മാറ്റിനിക്ക്‌ പോയി, അവിടെ വച്ച്‌ ഞാനവൾകെന്റെ പ്രണയം കൈമാറി.. ആ ചുരുൾമുടിക്കെട്ടിൽ നിന്നാ തട്ടം പിടിച്ചിറക്കിയിട്ടു, കാണാൻ ആഗ്രഹിച്ച ആ ജുംക കമ്മലിൽ ഞാനൊന്ന് തൊട്ടു. ഒരു ഇലെക്റ്റ്രിക് ഷോക്ക് കയ്യിലൂടെ കടന്നു പോയി.. ആ ഷോക്കിൽ ഞെട്ടിയെണീറ്റ്‌ നിസാമിനെ വിളിച്ചു..

സീൻ പതിനാറ്,
സ്കൂൾ അങ്കണം,
ആലിന്റെ ചുവട്ടിൽ ...

"നീ കളിക്കല്ലേ, കാര്യം എന്താച്ചാ പറ..."

വെള്ളിയാഴ്ച വെട്ടിയ നഖം വീണ്ടും കടിച്ച് കടിച്ച് വിരലിൽ കടിച്ചിട്ടും അവൻ മിണ്ടിയില്ല..

"അവൾക് വേറെ ലൈൻ ഇണ്ടാ.. ഇണ്ടെങ്കിൽ പറഞ്ഞോ .. എനിക്ക് വിഷമം ഒന്നുല്ല്യ.. അവൾ സന്തോഷായിട്ട് ഇരുന്നാ മതി"

ഒരാവേശതിനു, അടുത്തിടെ കണ്ട ഏതോ തമിഴ് പടത്തിൽ വിജയ്‌ പറഞ്ഞ ഡയലോഗിന്റെ കഷണം തിരുകി ഞാൻ ഒരു ശ്രമം നടത്തി.

"അളിയാ എന്നോടൊന്നും തോന്നരുത്, എനിക്കിഷ്ടം ഇണ്ടായിട്ടല്ല, പിന്നെ നീ പറഞ്ഞ പോലെ അവൾ സന്തോഷം ആയിരുന്നോട്ടെ എന്ന് കരുതിയാണ്.. അവൾക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ തടയാൻ നില്കാഞ്ഞത്.."

എന്റെ ആവേശം എടുത്തെന്റെ തലക്കടിച്ച, അവൻ മിണ്ടാതെ നടന്നു പോയി..
അവിടെ അടുത്ത് ഒരു കുളമോ, കിണറോ ഉണ്ടായിരുന്നെങ്കിൽ എന്റെ ലവ് സ്റ്റോറി അതിൽ അവസാനിച്ചേനെ.. ആ ആൽമരത്തിൽ നിന്നെവിടെന്നോ അവന്റെ ആ മഹദ് വചനങ്ങൾ അശരീരിയായി എന്റെ കാതിൽ വന്നടിച്ചു ..

"ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത് തന്നെ സംഭവിച്ചു!
പിന്നീടാ കാട്ടിൽ റസൂലിനെ ആരും കണ്ടിട്ടേയില്ല!

Saturday, 25 January 2014

പറഞ്ഞാ കേക്കാത്ത ചെയ്താൻ !





കൊല്ലപ്പരീഷേല് ഇജ്ജ് തോറ്റ്ക്ക് ഹംക്കേന്നു 
ഇക്കാക്ക പറഞ്ഞപ്പോ, തോനെ കരഞ്ഞിക്ക്
അടുത്തകൊല്ലം ജയിക്കാന്നു ഇമ്മ പറഞ്ഞിനി 
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല 
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ് 
ആകപ്പാടെ ഇഷ്ടണ്ടായിന ഷംല ടീചെർ 
കല്ല്യാണം കഴിഞ്ഞ് പോയപ്പോ 
എമ്പാടും വെഷമിചിക്ക്, മൂന്നാല് മാസം കഴിഞ്ഞാ 
വരുമെന്ന് ഓലെ ഇക്ക പറഞ്ഞിനി, 
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ്

കാലും കരളും പന്തിന്റെ പിന്നാലെ പായാൻ
തൊടങ്ങിയന്ന് തൊട്ട് ഇന്റെ ടീം അർജെന്റീന ആയിനി
1998 ൽ ഹോളണ്ടിനോട് തോറ്റ് പൊറത്തായ അന്ന് അന്തിക്ക്
ഇമ്മ ചോയിച്, അന്റെ ആരാണ്ടാ മയ്യത്തായത്, ഇയ്യെന്തിനാ ഇങ്ങനെ
മൊങ്ങ്ണ്ന്ന്... ഞാനെന്നോടു പറഞ്ഞ്, 2002 ൽ നോക്കാന്ന്
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ് 


ഓളെ ഉപ്പീം ഉമ്മീം സ്നേഹിചേന്റെ ഇരട്ടിക്ക് ഞാനോളെ സ്നേഹിചിനി,
ഓക്ക് മാണ്ടി ഞാൻ സാനങ്ങൾ മാങ്ങിയ കടക്കാരൻ മമ്മദ് ഇന്ന് കൊടീശരനാ
ന്നിട്ട് സ്വർണക്കളർ വാച് കെട്ട്യ ഗൾഫാരന്റെ കൂടെ ഓൾ പോയി
ഓലെ കാറിന്റെ പൊറകിൽ ഓടി വീണ എന്നെ പൊക്കിയെടുത്ത്
ന്റെ മൂത്താപ്പ പിരാന്തൻ കോയ പറഞ്ഞ്, കുഞ്ഞോനെ.. 

ഓളല്ലെങ്കി ഓളെ ഇമ്മാന്നു...
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ്

മൂത്തമ്മ വയ്യാണ്ടിരിക്കല്ലേ ഇടക്കൊന്നു വിളിക്കണംന്നു ഇമ്മ പറഞ്ഞ്
കയ്യിലെ പഴുപ്പല്ലേ ഇന്ന് വിളിക്കാം നാളെ വിളിക്കാന്ന് ഞാൻ കരുതി
ഒരീസം വെളുപ്പിനു മൂത്തമ്മ പോയി, ഇന്റെ നെഞ്ചിന്റെ പെടപ്പ്
ഞാനാരോട് പറയും പടച്ചോനേന്നു, ഞാനിമ്മ വിളിച്ചപ്പ പറഞ്ഞ് കരഞ്ഞ്
സാരല്ല മോനെ, മൂത്തമ്മ പൊരുത്തപ്പെടുംന്ന് പറഞ്ഞ് ഇമ്മേം കരഞ്ഞ്
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ് !!

Sunday, 2 June 2013

ഗുണ്ടബിനുവിന്റെ കല്ല്യാണം!


മനസിനും ശരീരത്തിനും ഒരേ താളമായിരുന്ന കാലത്ത് എന്റെ നാട്ടിലെ "ഗുണ്ടബിനു" ആയിരുന്നു ഷിജാസ്. നരൻ സിനിമ കണ്ട നാട്ടിലെ അമ്മമാർ കുട്ടികൾക്ക് അവനെ കാണിച്ചു പേടിപ്പിച്ച്  ചോറ് കഴിപ്പിക്കുന്ന അവസ്ഥ സംജാതമായപ്പോൾ  വീട്ടുകാർ ചേർന്ന് ഗള്ഫിലേക്ക് പാക്ക് ചെയ്തു വിട്ടു. അല്ല, അതങ്ങനെ ആണല്ലോ.
നരനിലെ ലാലേട്ടൻ!
ഗുണ്ട ബിനു ഷിജാസിന്റെ മാതൃക !
പഴയകാല സിനിമകളിൽ കാണുന്നത് പോലെ, ഗള്ഫിലെ പച്ചയായ ജീവിതം അവനെ മറ്റൊരു മനുഷ്യനാക്കി, രണ്ടു മൂന്നു വർഷങ്ങൾ കൊണ്ടവൻ വീടിനും കുടുംബക്കാര്കും വേണ്ടപ്പെട്ടവനായി മാറി. "മോനെ നീ വേഗം ലീവ് എടുത്തു വാ, നിനക്ക് പെണ്ണ് കെട്ടണ്ടേ... നിനക്കും വേണ്ടേഡാ ഒരു കുടുംബവും ജീവിതവുമൊക്കെ...” കേറ്റി വിടാൻ മുന്കൈ എടുത്തു പ്രവര്ത്തിച്ച ഉമ്മ തന്നെ സ്നേഹത്തിൽ പൊതിഞ്ഞ  ഉപദേശം തുടങ്ങി. അവന്റെ മൌന സമ്മതത്തോടെ ആലോചനകളും തുടങ്ങി. 

നിർബന്ധങ്ങൽക് വഴങ്ങി ഷിജാസ് നാട്ടിലേക്ക് മടങ്ങി. പെണ്ണ് കാണാൻ പോയിടത്ത് നിന്നൊക്കെ  സുന്ദരനും മാന്യനുമായ ഷിജാസിനെ ബോധിച്ച പെണ് വീട്ടുകാർ, പിന്നീട് ഒരു കാരണവും പറയാതെ ഒഴിഞ്ഞു മാറി. ഇതൊരു തുടര്കഥ ആകുകയും ലീവ് കഴിയുകയും ചെയ്തതോടെ പെണ്ണ് കിട്ടാതെ അവനു തിരിച്ചു പോകേണ്ടി വന്നു. എങ്കിലും, പെണ്ണന്വേഷണവും മുടങ്ങലും ആവര്ത്തിച്ചു കൊണ്ടിരുന്നു.

കുറച്ച് നാളുകള്ക്ക് ശേഷം, കവലയി ഇസുസു എഞ്ചിൻ ഘടിപ്പിച്ച ഒരു അമ്ബാസ്സിടർ  കാര് വന്നു നിന്നു, അതിൽ നിന്നിറങ്ങിയ ഒരു കദർ വേഷധാരി പലചരക്കു കട നടത്തുന്ന രാമേട്ടനോട്‌, ഷിജാസിനെ കുറിച്ച് തിരക്കുന്നത് കേട്ട് ഞാൻ ചെവിയോർത്തു. കച്ചവടം ഒന്നുമില്ലാതെ ചെവിയിൽ തൂവൽ തിരുകി കൊണ്ടിരുന്ന രാമേട്ടൻ ഇത് കേട്ടപ്പോൾ ഉഷാറായി എഴുന്നേറ്റ് നിന്നു…

"ങാ..കല്ല്യാണാലോചനയാകും ല്ലേ, നല്ല കാര്യാട്ടാ... അവനെ പോലെ നല്ലൊരു പയ്യന് ഈ ഭാഗതില്ല, ചെറുപ്പത്തിന്റെ ചില കുരുത്തക്കേടുകൾ ഉണ്ടായിരുന്നു, അതിപ്പോ എല്ലാര്കും ഉണ്ടാകൊല്ലോ.. എന്നാലും ഇപ്പൊ ദേ ഗൽഫിലൊക്കെ പോയി സമ്പാദിച്ചു കുടുംബം നോക്കുന്നു...” വന്നയാൽ സന്തോഷത്തോടെ പോകാൻ ഇറങ്ങുമ്പോൽ രാമേട്ടൻ പിറകിൽ നിന്നും.. "പിന്നേയ്.. എന്നോടഭിപ്രായം ചോദിച്ചുന്ന്.. ആ ചെക്കനോട് പോയി പറയണ്ട ട്ടാ, വേറെ ഒന്നല്ല, അവൻ കള്ള് കുടിചെന്റെ മെക്കിട്ടു കേറും  ..."

കാര് വന്ന വഴി തിരിച്ചു പോയി!

Monday, 20 May 2013

എണ്ണപ്പാടവും അധിനിവേശവും !


 മെമ്മറി കാർഡുകൾ ഉള്ള മൊബൈൽ ഫോണുകൾ ഇറങ്ങിയ കാലം, BPL കമ്പനി പൂട്ടിപ്പോകുന്നതിനു മുന്പ് ആളിക്കത്തിയിരുന്ന ആ കാലം. ഏകദേശം ഒരു ഉച്ച ഉച്ചര ആയിക്കാണും, കനാൽ ബണ്ടിൽ "മിസ്സ്ഡ് കോളും പ്രണയവും" എന്ന വിഷയത്തിൽ, ഏകദേശം ഒരിഷ്ടികയുടെ കനമുള്ള അല്കാട്ടെൽ ഫോണിന്റെ ഉടമസ്തൻ ആയ ശ്രീ എനിക്ക്, കേമറയും മെമ്മരികാർഡും ഉള്ള സോണിയുടെ പുതിയ മൊബൈൽ ഉടമസ്തൻ ആയ അക്ഷയ് ക്ളാസെടുക്കുകയാണ്. 
ഞാനും അവനും 

മിസ്ഡ് കോളുകളുടെ അനന്ത സാധ്യത കേട്ട് കോരിത്തരിച് ഞാനും എന്റെ കോരിത്തരിപ്പ് കണ്ട് ആവേശം മൂത്ത് വാചാലനായ അവനും, പതിവില്ലാതെ ആ വഴി ചീറിപ്പാഞ്ഞു വന്ന പോലീസ് ജീപ്പ് കണ്ട് ഒരു കാര്യവും ഇല്ലാതെ ബണ്ടിനു താഴേക്കു ഒറ്റ വലിച്ചിൽ. അതിന്റെ അനന്തര ഫലമായി ജീപ്പ് സഡൻ ബ്രേക്ക് ഇട്ടു നിരത്തുകയും എത്തി നോക്കിയ ഞങ്ങളെ, എസ്സൈ, ചകിരി നാര് നനച്ചുവച്ചപോലെയുള്ള മീശ തടവിക്കൊണ്ട് അടുത്തേക്ക് വിളിക്കുകയും ചെയ്തു.

"
എന്താടാ ഞങ്ങളെ കണ്ടപ്പോ ഒരു പരുങ്ങൽ...?"

അങ്ങനെ ഒന്നുമില്ല, ഒരു ബഹുമാനത്തിന്റെ പേരില് എന്ന് പറയാൻ തുനിഞ്ഞെങ്കിലും എന്റെ ശബ്ദം പുറത്തേക്കു വന്നില്ല. ബഹുമാന്യ പണ്ടിതനും നാവിട്ടടി വിദഗ്ദനുമായ അക്ഷയ്, തന്റെ പ്രധാന ആയുധമായ നാവ് രണ്ടര കിലൊമീറ്റെർ അകതോട്ടിറക്കി പെണ്ണ്കേസ് പ്രതിയെ പോലെ തലകുനിച്ച് നിന്നു.

കള്ളലക്ഷണം മണത്തിട്ടാണോ അതോ ഇരയെ കിട്ടിയ സന്തോഷത്തിലാണോ എന്നറിയില്ല. അക്ഷയുടെ ഷർട്ടിന്റെ പോക്കറ്റിൽ പൊങ്ങി നിന്ന മൊബൈൽ നോക്കി, എസ്സൈ അലറി  "എടുക്കെടാ രണ്ടിന്റേം മൊബൈൽ..”

ഞാൻ പ്രത്യേക ഭാവമാറ്റമൊന്നുമില്ലാതെ കരാട്ടെ പഠിക്കാൻ പോയപ്പോൾ ദക്ഷിണ കൊടുത്ത പോലെ, രണ്ടു കൈ കൊണ്ടും ഭവ്യതയോടെ എടുത്തു കൊടുത്തു. "ഇതെന്തിനാടാ കൊണ്ട് നടക്കുന്നെ, പട്ടിനെ എറിയാനാ.." എന്റെ നീലക്കളർ അല്കാട്ടെലിന്റെ മേൽ ഒരുലോഡ് പുച്ഛം വാരി വിതറി, എസ്സൈ സാർ അക്ഷയ്ക്ക് നേരെ കൈനീട്ടി.
“സാറേ, അതേ.. ഈ മൊബൈൽ ആര്ക്കും കൊടുക്കരുതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്..” അവന്റെ "അതിവിദഗ്ദ" ബുദ്ധി എസ്സൈയുടെ കട്ടിമീശയിൽ തട്ടി നിലത്തു വീണുടഞ്ഞു. തെങ്ങ് കയറുന്ന ഭാസ്കരേട്ടന് സ്ഥലത്തെ ജന്മി അബുക്ക കൂലി കൊടുക്കുന്ന പോലെ അവൻ അറചറച്ചു എടുത്ത് കൊടുത്തു. 

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു. ഫോണ്‍ തിരിച്ചും മറിച്ചും നോക്കി.. "നല്ല ഫോണ്‍.." എന്നൊരു കമ്മെന്റും ഇട്ട് ഒരു ലൈകും കൊടുത്ത് ജീപ്പിൽ കേറി, വിട്രോ വണ്ടി എന്ന് പറഞ്ഞ്, ഫോണും കൊണ്ട് തിരിഞ്ഞു പോലും നോക്കാതെ ഒറ്റപ്പോക്ക്‌.

ജീപ്പ് കണ്ണിൽ നിന്ന് മറയുന്നത് വരെ നോക്കി നിന്ന്, അക്ഷയ് അവിടെത്തന്നെ ഇരുന്നുപോയി. സമാദാന ശ്രമങ്ങളുമായി ഞാൻ അടുത്തിരുന്നു. "സാരമില്ല, അച്ഛനോട് ഇപ്പോൾ പറയണ്ട.." എന്നൊക്കെയുള്ള എന്റെ വാക്കുകൾ കേൾകുമ്പോൾ, വിങ്ങിപ്പൊട്ടിയിരുന്ന അവൻ കരച്ചിലിന്റെ വോളിയം കൂട്ടി. ആളുകള് കാണും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ഒരുവിധേനെ ഞാൻ ബണ്ടിൽ കൊണ്ട് പോയി ഇരുത്തി. കരഞ്ഞു ശ്വാസം പോയ അവന്റെ നെഞ്ജുഴിയുന്ന എെന്ന നോക്കി അടക്കിപ്പിടിച്ചൊരു രഹസ്യം പറഞ്ഞു. ശേഷം മുഖം പൊത്തി കരഞ്ഞു,അതുകേട്ടു മനസ് മടുത്തു പോയ ഞാനും ഭൂമിക്കു ദാനമായി കൊടുത്തു ഒരിറ്റു കണ്ണുനീർ.

മൊബൈൽ അച്ഛൻ വേറെ വാങ്ങിത്തരും, പക്ഷെ ഈ ഫോണ്‍ തന്നപ്പോൾ മെമ്മറികാർഡിൽ ഉണ്ടായിരുന്ന, നിറഞ്ഞു കവിഞ്ഞു കിടക്കുന്ന എണ്ണപ്പാടങ്ങളും അതിൽ അധിനിവേശം നടത്തുന്ന സായിപ്പന്മാരുടെയും  രഹസ്യ ഡോക്കുമെന്ററികൾ അവനെവിടെ കിട്ടും..

നടുറോഡിൽ മലര്ന്നു കിടന്നു കരഞ്ഞതിൽ അവനെ കുറ്റം പറയാൻ പറ്റില്ല. താങ്ങി പിടിച്ചവനെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുമ്പോൾ ഞാനോർത്തു.

അതുംകൊണ്ടുപോയ എസ്സൈ ആ രഹസ്യവിവരങ്ങൾ കണ്ടുപിടിക്കുമോ...?
അതുകണ്ട് ഞെട്ടി ഞങ്ങളെ അന്വേഷിച്ചു വരുമോ..?
കോടതിയിലേക്ക് കയ്യാമം വച്ച് കൊണ്ടുപോകുമോ..?
പോകുന്ന വഴിക്ക് വടയും ചായയും വാങ്ങിത്തരുമോ..?
ഇരിഞ്ഞാലക്കുട സബ്ജയിലിൽ ഗവര്മെന്റ്റ് ആശുപത്രിയുടെ  
മണമടിച്ചു കിടക്കേണ്ടി വരുമോ?

എണ്ണപ്പാടം നഷ്ടമായ അവന്റെ വിഷമത്തേക്കാൾ എന്നെ അലട്ടിയ പ്രശ്നങ്ങൾ ഇതൊക്കെ ആയിരുന്നു. പിന്നീട് ജോസേട്ടന്റെ പെട്ടിക്കടയിൽന്നു നാരങ്ങ സോഡാ കുടിക്കുമ്പോൾ, ശാന്തിനികേതന് സ്കൂളിന്റെ ഗേറ്റിൽ വന്നുനിന്ന പോലീസ് ജീപ്പിൽ നിന്ന് ഇറങ്ങിയ പത്താം ക്ളാസുകാരന്റെ പോക്കറ്റിൽ ആ സോണി കണ്ട അന്ന് ഞാൻ മനസമാധാനത്തോടെ കിടന്നുറങ്ങി.

നോട്ട് : എന്റെ അച്ഛന് സോണി വാങ്ങാനുള്ള കാശൊക്കെ അന്നുണ്ടായിരുന്നു, എന്നോട് സ്നേഹത്തിനും കുറവില്ലായിരുന്നു.