Thursday, 17 September 2015

ഞെട്ടറ്റു വീഴുന്ന ഇലകൾ!

ഞെട്ടറ്റു വീഴുന്ന ഇലകൾ കണക്കെ
ദിനരാത്രങ്ങൾ കീഴ്മേൽ
മറിഞ്ഞ്‌ പൊഴിയുന്നു..
ഈർക്കിൽ അഞ്ജാക്കി മടക്കി ഒടിച്ച്‌
തിണ്ണയിൽ എറിയുന്ന കളിയിൽ തോറ്റ്‌
കരഞ്ഞ ഞാനിപ്പോൾ പൊഴിയുന്ന
വെള്ളിരോമങ്ങൾ നോക്കി
ചിരിക്കാൻ പഠിചിരിക്കുന്നു

ജനിപ്പിച്ചവരുടെ
വിശാലമനസ്കതയിൽ
ഉയർന്നു പറക്കവേ, ഒരു ദിവസം
ഞാനവരുടെ ശവമഞ്ജം ചുമക്കും
അന്നെന്റെ ധമനികൾ
രക്തം കണ്ണുകളിലേക്കൊഴുക്കും
വള്ളി പൊട്ടിയ പട്ടം പോലെ പതിക്കും
മനസിനൊപ്പം കയ്യെത്താതെ കിതക്കും
ഞാനാരെന്നോർത്തോർത്തോരു സന്ദ്യക്കു
ഞാനാർക്കൊ ആരോ ആയിമാറും

വീണ്ടുമാ തിണ്ണയിൽ മലർന്നു കിടക്കും
സൂര്യൻ എന്നെയുംകൊണ്ട്‌
അറബിക്കടലിൽ മുങ്ങാംകുഴിയിടും
രാവിലെ വെറും കയ്യോടെ മടങ്ങും

പിന്നെയും
മഴ പെയ്യുകയും
ചെടികൾ തളിർകുകയും
ഇലകൾ മുളക്കുകയും
കാറ്റിലുലയുകയും
പഴുക്കുകയും
പൊഴിയുകയും
ചെയ്യും..

മരണാഞ്ജലി !


അമ്പത് വയസ്സുള്ള ഒരു ബന്ധു മരിച്ചു.
എണ്‍പതോളം വയസുള്ള ഉമ്മ തലക്കൽ ഇരിക്കുന്നു,
ഞാനവരെ തന്നെ നോക്കി. ചുളിവുകൾ തീർത്ത
ചാലുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നു,
എന്തൊക്കെയോ പറയണമെന്നും പൊട്ടിക്കരയണമെന്നും അവർ
ആഗ്രഹിച്ചിരുന്നു, അതിനു തക്ക ആരോഗ്യം പോലുമവർകുണ്ടായില്ല.

മൈലാഞ്ചി ഇലകളുടെയും അത്തറിന്റെയും മണം
ബാക്കിയാക്കി അയാളാ വീടിന്റെ പടി കടന്നു പോയി,
ചോര നീരാക്കി ഉണ്ടാക്കിയ വീട് വിട്ട് എനിക്ക് പോകണ്ട
എന്ന് നിലവിളിച്ചിരിക്കാം, കണ്ണുനീർ വറ്റിയ ഉമ്മയെ നോക്കി
ഏങ്ങി കരഞ്ഞിരിക്കാം, മക്കളോട് ഒരു വാക്ക് മിണ്ടാൻ കൊതിചിരിക്കാം.
എന്തോ, ഞാനൊന്നും കേട്ടില്ല .. ചില അടക്കിപ്പിടിച്ച കരച്ചിലുകൾ അല്ലാതെ..

വെള്ള പൊതിഞ്ഞ് പോകാനായി എന്ന് സ്വയം തോന്നിയ ചിലർ മാത്രം
നിശബ്ദമായി ശൂന്യതയിലേക്ക് മിഴികളെ മേയാൻ വിട്ടുകൊണ്ടവിടെ കുത്തിയിരുന്നു.

മരിച്ച ആളിന്റെ സമപ്രായക്കാർ, മാതൃഭൂമി പത്രത്തിന്റെ ചരമ കോളം നോക്കി
പരസ്പരം ആശ്ചര്യം പ്രകടിപ്പിച്ചു, ചിലർ സ്ഥലക്കച്ചവടത്തിന്റെ ചർച്ചകളിൽ മുഴുകി.

എന്നെക്കാൾ മുൻപേ പാടത്ത് കളിക്കുകയും, ഗൾഫിൽ പോകുകയും ചെയ്ത
ചിലർ മരിച്ച ആളുടെ ഗള്ഫിലെ വീര കഥകൾ പറഞ്ഞ് നഖം കടിച്ചു വെളുപിച്ചു,

മരിച്ച ആൾക് മഹത്വങ്ങൾ മാത്രമേ കാണൂ എന്ന് ഞാൻ പിറുപിറുത്തത് തല നരച്ച ആൾക് ഇഷ്ടമായില്ല എന്ന് തോനുന്നു, കണ്ണുകളെ കുറച്ചു നേരം എന്റെ മുഖത്തേക്ക് പറഞ്ഞയച്ചു.

എന്റെ പ്രായത്തിലുള്ളവരെ അധികമവിടെ കണ്ടില്ല,
ഞങ്ങൾക്ക് ഒന്നിനും നേരമില്ലല്ലോ, ഉമ്മ നിർബന്ധിച്ചത് കൊണ്ട് ഞാൻ...

Tuesday, 8 September 2015

Funny Games.. നതിംഗ് ഫണ്ണി എബൌട്ട്‌ ഇറ്റ്‌ !!

എന്തിന് വേണ്ടിയാണവർ ഈ ക്രൂരത ചെയ്തതെന്ന് ആരും പറഞ്ഞില്ല,
മാനസിക വൈകല്യമുള്ളവർ ഇത്തരത്തിൽ കൃത്യമായി പെരുമാറുമോ
എന്ന സംശയവും മനസ്സിൽ തൂങ്ങിയാടി നിന്നു..
കഴിഞ്ഞ ദിവസം കണ്ട സിനിമ, ഫണ്ണി ഗെയിംസ്,
അതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

പതിവുള്ള സിനിമാ സമയത്ത് ഇന്നലത്തെ നറുക്ക് വീണത് Michael Haneke യുടെ Funny Games നു. സൌണ്ട് സിസ്റ്റെം മൂളി തുടങ്ങി, കണ്ണടയുടെ ലെൻസ്‌ തുടച്ച് ഞാൻ പില്ലോയിലേക്ക് ചാഞ്ഞു.

വെക്കേഷൻ ആസ്വദിക്കാൻ തയ്യാറെടുക്കുന്ന ഭാര്യയും ഭർത്താവും മകനുമടങ്ങുന്ന
ആ കുടുംബത്തിലേക്ക്, മുട്ട കടം ചോദിച്ചുകൊണ്ട് വരുന്ന ഒരു യുവാവ്, ശേഷം
അവനെ തേടി വരുന്ന മറ്റൊരുവൻ. രണ്ടുപേരും ചേർന്ന് പതിയെ അവരെ
സ്വന്തം വീട്ടിൽ ബന്ധികൾ ആക്കുകയാണ്.

ശബ്ദകൊലാഹലങ്ങളൊ ആയുധങ്ങളുടെ കൂട്ടപ്പൊരിചിലൊ രക്തം ചിന്തലൊ ഇല്ലാതെ തന്നെ, പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞു എന്ന് എന്നിലെ സിനിമാ പ്രേമി വിലയിരുത്തുമ്പോളും, അവർകൊന്നെഴുന്നെറ്റ് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ, ആർകെങ്കിലും
ഫോണ്‍ ചെയ്യാൻ കഴിഞ്ഞെങ്കിൽ, അടിച്ച് വീഴ്ത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
നവോമി വാട്സ് അവതരിപ്പിച്ച വീട്ടമ്മയുടെ കണ്ണുകൾ എന്നെ പീടിപ്പിച്ചുകൊണ്ടിരുന്നു, മകന്റെ മുൻപിൽ വസ്ത്രാക്ഷേപയാക്കുന്ന ആ നിമിഷം ഭൂമി പിളര്ന്നു താഴൊട്ട് പോയെങ്കിൽ എന്നാശിച്ചു.കാലിൽ ഏല്പിച്ച മുറിവ് മൂലം അനങ്ങാൻ കഴിയാത്ത ഭർത്താവിന്റെ നിസ്സഹായതയിൽ ഞാൻ തേങ്ങി.
 ഇടക്ക് മകൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാനെന്റെ കാലുകൾ അവനു കടം നല്കി. ഒടുവിൽ അവന്റെ രക്തം ടീവിയിലേക് ചീറ്റിയപ്പൊൾ, ഒരുനിമിഷം ഞാൻ കണ്ണടച്ച് പിടിച്ചു.
എന്നിട്ടും ഞാൻ ആശ്വസിച്ചു, I Spit On Your Grave എന്ന സിനിമയും ഒരിക്കലെന്നെ ഇതുപോലെ ശിക്ഷിച്ചതാണ്, പക്ഷെ അക്രമികൾക്ക് തക്ക ശിക്ഷ നല്കിയ ക്ളൈമാക്സ് എന്നെ ഏറെ ആശ്വസിപ്പിചച്ചിരുന്നു. അങ്ങനെ ഒരു ഭാഗം ഇല്ലാത്ത കഥകൾ ഉണ്ടാകാറില്ല എന്ന വിശ്വാസം അവസാനം വരെ എന്നെ പിടിച്ചിരുത്തി.

ഒരു ഭാവമാറ്റവും ഇല്ലാതെ അവർ അടുത്ത വീട്ടിൽ മുട്ട ചോദിച്ചു ചെല്ലുംബോൾ, കുപ്പിയിലെ തണുത്ത വെള്ളം മുഴുവൻ ഞാൻ കുടിച്ചു വറ്റിച്ചു.


സിനിമകൾ ജീവിതത്തെക്കാൾ വേദനിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഡൽഹിയിലെ പെണ്‍കുട്ടിയും സൌമ്യയും മറ്റനേകം മുഖങ്ങളും മനസിലേക്കോടിയെത്തി ചോദിച്ചു, "അപ്പോൾ ഞങ്ങളോ ...?"

കണ്ണടച്ചിരിക്കുമ്പോൾ ബിരുദത്തിനു പഠിപ്പിക്കുന്ന മകൾ ചോദിച്ചു,
"ഇതെന്ത് സിനിമയാ എന്നെ കാണിക്കുന്നത്, തിന്മ ജയിക്കോ,
തിന്മ ജയിക്കാൻ പാടുണ്ടോ..?"

കണ്ണുതുറക്കാതെ ഞാനെന്റെ ഫിലോസഫി കെട്ടഴിച്ചു, "നന്മയുടെ ജയം നടക്കുന്നത് രണ്ടു ഇടങ്ങളിലാണ്, കഥകളിലും ദൈവസന്നിധിയിലും..പിന്നെ..." പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ തൊണ്ട ഇടറി ..

നടുനിവർത്തി കിടന്നിട്ടും ഉറക്കം തിരിഞ്ഞ് നോക്കാതെ ദൂരേക്ക് നടന്നകന്നു, അതിനിന്നലെ ആ സിനിമയിലെ സൈക്കോപാത്തിന്റെ കണ്ണ്കൾ ആയിരുന്നു, ദയയെന്ന വികാരം തോട്ടുതീണ്ടാത്തവ !

JOHN Q.. പിതാവും പുത്രനും !!



2002-ൽ പുറത്തിറങ്ങിയ "JOHN Q"എന്ന ഈ സിനിമ രണ്ടു ദിവസം മുന്പാണ് കണ്ടത്, 
ഹൃദയസ്പർശിയായ ഒരു സീനുണ്ട് അതിൽ, ഒരു പിതാവും പുത്രനും തമ്മിലുള്ള അത്യപൂർവ നിമിഷം !
ഡെൻസൽ വാഷിങ്ങ്റ്റണ്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന  ഭാവങ്ങൾ..
ഹൃദയം മാറ്റിവെക്കാൻ ഡോക്ടർ റെഡി ആകുമ്പോൾ ചേരുന്ന ഡോണർ ഇല്ല എന്ന് കണ്ട് ആത്മഹത്യ ചെയ്ത് സ്വന്തം ഹൃദയം മകന് നല്കാൻ ജോണ്‍ തീരുമാനിക്കുന്നു, ശേഷം മകനെ അവസാനമായി കാണാൻ പോകുന്ന സീൻ ആണ് ഞാൻ പറഞ്ഞുവരുന്നത്.
ജോണ്‍, മകന് നല്കുന്ന ഉപദേശം പ്രേക്ഷകരുടെ കണ്ണുകൾ നിറയ്ക്കും എന്ന് കണ്ടവർക്ക് സംശയമുണ്ടാകില്ല, മാത്രമല്ല, ഒരാൾ തന്റെ മകന് നല്കേണ്ട ഏറ്റവും നല്ല ഉപദേശങ്ങൾ ആണെന്നും എനിക്ക് അഭിപ്രായമുണ്ട്.
സീനിലേക്ക് :
ജോണ്‍, മകന്റെ മുഖത്ത് നോക്കി അടുത്തിരിക്കുന്നു.
"ഹേയ് മൈക്ക്, (നിഷ്കളങ്കമായി ചിരിക്കുന്നു) ഒരു നിമിഷം നീ ഉറങ്ങി പോകാതെ ഇരിക്കണം, എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്.
നീ എപ്പോഴും നിന്റെ അമ്മ പറഞ്ഞതനുസരിക്കണം ..മനസിലായോ..? 
അവർ പറയുന്നത് ചെയ്യണം.. അമ്മയാണ് നിന്റെ ബെസ്റ്റ് ഫ്രെണ്ട്.. 
നീ അമ്മയെ സ്നേഹിക്കുന്നു എന്ന് എന്നും അവരോടു പറയണം.
(ചിരിച്ചുകൊണ്ട്) നീ ഇപ്പോൾ വളരെ ചെറുതാണ്, പെണ്‍കുട്ടികളുടെ വിഷയത്തിൽ... പക്ഷെ ഒരു സമയം വരും.. അന്ന് നീ അവരെ രാജകുമാരിയെ പോലെ ട്രീറ്റ് ചെയ്യണം..കാരണം അവർ രാജകുമാരിമാർ ആണ്..
മോനെ, നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, (കണ്ണ് നിറയുന്നു ) 

നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, നീ അത് ചെയ്യണം...
കാരണം, വാക്കാണ്‌ നിന്റെ എല്ലാം, അതാണ്‌ നിന്നെ നീ ആക്കുന്നത്..
ആ.. പിന്നെ,, (മുഖം മുറുകുന്നു) നീ പൈസ ഉണ്ടാക്കണം, നിനക്ക് ചാൻസ് കിടുമ്പോളൊക്കെ പൈസ ഉണ്ടാക്കണം..നിന്റെ അച്ഛനെ പോലെ സ്റ്റുപിഡ് ആകരുത്.. ജീവിതത്തിൽ, പൈസയുള്ളവർക് എല്ലാം ഈസിയാണ് മോനെ..
നീ സിഗരറ്റ് വലിക്കരുത്, മനുഷ്യരോട് ദയവുള്ളവൻ ആകണം, 
നിന്നെ ആർകെങ്കിലും ആവശ്യം വന്നാൽ, നീ എഴുന്നേറ്റ് നില്കണം ..
ആണുങ്ങളെ പോലെ ..
പിന്നെ മോനെ .. നീ ചീത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനില്കണം, പ്ലീസ്..
ദയവായി, ചീത്ത കാര്യങ്ങളുമായി നീ ഇടപഴകരുത്..
ഒരുപാട് മഹത്തായ കാര്യങ്ങൾ നിനക്ക് ചെയ്യാനുണ്ട്... (കരയുന്നു)
ഞാൻ നിന്റെ കൂടെ ഉണ്ട് ..! (ഹൃദയത്തിൽ കൈ വക്കുന്നു)
ഐ ലവ് യൂ, മോനെ ... (നെറുകയിൽ ചുംബിച് തിരിഞ്ഞ് നടക്കുന്നു )

Sunday, 30 August 2015

Africa Calling! ആഫ്രിക്ക ബേസ്ഡ് സിനിമകളിലൂടെ ഒരു യാത്ര

കുഞ്ഞായിരുന്നപ്പോൾ നമുക്ക് കഥകൾ ഇഷ്ടമായിരുന്നു, സംഭവ കഥകളോട് നമുക്ക് ആവേശമായിരുന്നു, പിന്നീടെപ്പോഴോ, വിനോദത്തിനു മാത്രമായി കഥകൾ പൊടിപ്പും തൊങ്ങലും വച്ച് നമ്മൾ കേള്കാൻ തുടങ്ങി, യാഥാർത്യങ്ങൾ ഇമേജിനേഷന് കീഴടങ്ങി..


സിനിമകൾ വിനോദത്തെക്കാൾ എന്തൊക്കെയോ ആണെന്ന് മനസിലാക്കിയത് മുതൽ, സംഭവകഥകളോടും ജീവിതഗന്ധി ആയ കഥകളോടും ആയി എന്റെ പ്രതിപത്തി. ഓരോ സമയത്തും ഓരോ വിഷയങ്ങളോ സ്ഥലങ്ങളോ ബേസ് ചെയ്ത് ഇറങ്ങിയിരിക്കുന്ന സിനിമകൾ ആണ് കാണുന്നത്. ആഫ്രിക്കയെ ഞാൻ തിരഞ്ഞെടുത്തതിനു കാരണവും, യാഥാർത്യങ്ങളുമായി എറ്റവും അടുത്തു നില്കുന്ന കൊണ്ടിനെന്റ് എന്നത് കൊണ്ടാണെന്നാണ് തോന്നുന്നത്.. ആഫ്രിക ബേസ് ചെയ്ത് ഇറങ്ങിയ ചില സിനിമകൾ നിങ്ങളുമായി പങ്കു വെക്കണമെന്ന് തോന്നി. ഇവയുടെ പ്രത്യേകതയും മുകളിൽ പറഞ്ഞത് പോലെ, ഇതെല്ലാം നടന്ന സംഭവങ്ങളാണ് എന്നത് തന്നെയാണ് .. കാണാത്തവർ കാണുക, അഭിപ്രായം പറയുക !

Invictus (2009) :-

ഗാന്ധിജിക്ക് ശേഷം, ലോകം ബഹുമാനത്തോടെ ശ്രവിച്ച നേതാവിന്റെ പേരാണ് മണ്ടേല, രാജ്യം, വെളുത്തവനും കറുത്തവനും തമ്മിൽ കുടിപ്പക കൊണ്ട് കലാപത്തിലേക്ക് നീങ്ങിയ സമയത്താണ്, അദ്ദേഹം പ്രസിഡന്റ്‌ ആയി സ്ഥാനമേൽകുന്നത്.
Nelson Mandela with national Rugby team captain



ഒരു കറുത്ത വർഗക്കാരൻ പ്രസിഡന്റ്‌ ആകുന്നു, ഇനി നമ്മുടെ ജീവിതം തകരും എന്ന് വെളുത്തവനും, രാജ്യത്തെ എല്ലാ ജോലിയും ആനുകൂല്യങ്ങളും ഇനി മുതൽ ഞങ്ങൾക്ക് എന്ന് കറുത്തവനും സ്വപ്നം കണ്ടപ്പോൾ, മഹാനായ ആ മനുഷ്യൻ കറുത്തവനും വെളുത്തവനും ഒന്നാകണം എന്ന സ്വപ്നം കാണുകയും അതിനായി രാജ്യത്തെ റഗ്ബി ടീമിനെ ഉപയോഗിക്കുയും ചെയ്തു, അതിവിശേഷമായ ആ പ്രക്രിയയുടെ ആവിഷ്കാരമാണീ ഈ സിനിമ.





The Bang Bang Club (2010)

യുദ്ദ കാല സൌത്ത് ആഫ്രിക്കയുടെ കത്തുന്ന തെരുവോരങ്ങളിലൂടെ ആ നിമിഷങ്ങൾ ഒപ്പിയെടുക്കാൻ ഇറങ്ങിത്തിരിച്ച നാൽവർ സംഗതിന്റെ കഥയാണിത്‌ എന്ന് വേണമെങ്കിൽ പറയാം, പക്ഷെ ഇത് എനിക്ക് കെവിൻ കാർറ്റെർ എന്ന ഫോടോഗ്രാഫെറുടെ കഥയാണ്.
kevin carter's picture which won the Pulitzer prize  
കഴുകൻ കുഞ്ഞിനെ റാഞ്ജാൻ ശ്രമിക്കുന്ന ചിത്രം പകർത്തി ആദ്യം പുലിറ്റ്സെർ പുരസ്കാരവും പിന്നീട് വിമർശനങ്ങളും എറ്റുവാങ്ങി, ഒടുവിൽ താൻ ചെയ്തത് ശരിയോ തെറ്റൊ എന്ന വ്യഥയിൽ നീറി ആത്മഹത്യ ചെയ്ത കെവിന്റെ കഥ. ബാങ്ങ് ബാങ്ങ് ക്ലബ് ന്റെ കഥ. കേട്ട്കേൾവി മാത്രമുള്ള യുദ്ദക്കെടുതികൾ നേരിട്ടനുഭവിച്ച അനുഭവം ആണ് പ്രേക്ഷകന് നല്കുന്നത്.




Desert Flower (2009)

1965ല സുഡാനിലെ ഒരു നാടോടി മുസ്ലിം കുടുംബത്തിൽ അവൾ ജനിച്ച,
കുട്ടിക്കാലം സോമാലിയൻ മരുഭൂമിയിലെ തണലിൽ സിംഹകുട്ടികൾ വെയിൽ
കായുന്നതും കണ്ടും ജിറാഫിനോടും സീബ്രയോടും ഓടി കളിച്ച വളര്ന്ന "വാരിസ്"
Real and Actress Waris 
അവളുടെ ജീവിതം പരീക്ഷണത്തിലേക്ക് കടക്കുന്നത്‌ അവൾക്ക് കേവലം അഞ്ചു വയസ് ഉള്ളപ്പോൾ ആണ് , അവൾ അവിടെ നില നില്കുന്ന അന്ധവ്ശ്വാസമായ നിര്ബന്ധിത ഫെമെയിൽ ജെനിടൽ മ്യുടിലഷന് വിധേയമായി. വാരിസ് വളര്ന്നു, അവളുടെ പിതാവ്, തനിക്കു ലഭിച്ചേക്കാവുന്ന അഞ്ചു ഒട്ടകത്തിനു വേണ്ടി അയാൾ വാരിസിനെ അവളുടെ മുത്തച്ഛന്റെ പ്രായമുള്ള ആളുമായി വിവാഹം ഉറപ്പിച്ചു, ഇത് അറിഞ്ഞ വാരിസ് എങ്ങനെയും ഇതിൽ നിന്നും രക്ഷ നേടണമെന്ന ചിന്തയുമായി, ഇന്നുവരെ കണ്ടിട്ടിലാത്ത മുത്തശിയുടെ അടുക്കലേക്ക് പുറപ്പെടുന്നു.

പിന്നീട് ഇമെജിനെഷനെ വെല്ലുന്ന യാഥാർങ്ങൾ ആണ് നടക്കുന്നത്, UN ഇൽ അന്ധവിശ്വാസത്തിനെതിരെ പ്രസങ്ങിക്കാൻ നില്കുന്നത് വരെ എത്തിപ്പെടുന്നത് കാണുമ്പോൾ ആ സ്ത്രീയുടെ ഇച്ചാശക്തിക്ക് മുൻപിൽ നമ്മൾ തലകുനിക്കും.

Blood Diamond (2006)

From the movie
ഒരു മത്സ്യതൊഴിലാളി ഒരു കള്ളക്കടത്ത് കാരൻ ഒരു ബിസിനെസ്മാൻ ഇവരുടെ ജീവിതത്തെ ഒരു അമൂല്യമായ ഡയമണ്ട് എങ്ങനെ ഒക്കെ ബന്ധിപ്പിക്കുന്നു എന്നതാണ്, കാലാപ ബാധിത സിയെറ ലിയോണ്‍ അടിസ്ഥാനം ആക്കിയ ഈ സിനിമയുടെ പ്ലോട്ട്. ബന്ദങ്ങലുടെ മൂല്യമാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.
ഡി കാപ്രിയോ എന്ന അതുല്യ നടന്റെ കരിയറിലെ മറ്റൊരു പൊൻതൂവൽ ആണീ സിനിമ.


Paul Rusesabagina, left, talks with Don Cheadle, the actor who
 portrayed paus's real-life story in the movie Hotel Rwanda.
Hotel Rwanda (2004)

1990 റുവാണ്ട, മൂന്നു മാസക്കാലം കൊണ്ട് ഒരു മില്ല്യണിലധികം ആളുകൾ കൊല്ലപ്പെടുകയും ചെയ്ത കലാപകാലത്തെ ഒരു ദ്രിശ്യാവിഷ്കാരം, കുടുംബത്തോട് അബേധ്യമായ സ്നേഹമുള്ള
സാധാരണക്കാരൻ ആയ പോൾ തന്റെ നിലനില്പ് അവഗണിച് സഹായിക്കാൻ ആളില്ലാത്ത ആയിരക്കണക്കിന് ആളുകളെ താൻ ജോലി ചെയ്യുന്ന ഹോട്ടെലിൽ രക്ഷ നല്കിയ, സംഭവ കഥ, ഭാവനകളെ വെല്ലുന്ന സംഭവങ്ങൾ, പര്യവസാനങ്ങൾ.


ദ്രിശ്യ ഭംഗി കൊണ്ടും രിയലിസ്റ്റിക് മൂഡ്‌ കൊണ്ടും മനസ് കീഴടക്കുന്ന ഒരുപാട് സിനിമകൾ പിറക്കുന്ന മണ്ണാണ് ആഫ്രിക്ക. "ടിയെഴ്സ് ഓഫ് ദി സണ്‍" മുതൽ "സെല്മ" വരെ ലിസ്റ്റ് നീണ്ടു പോകുന്നു, മറ്റൊരിക്കൽ ആകാം ! 

Monday, 21 July 2014

ഞാൻ എന്ന റസൂൽ !

"അന്നയും റസൂലും" ആറാമത്തെ തവണ കണ്ടു.

എന്റെ പ്രണയത്തിൽ ഒരു റസൂലായിരുന്നില്ല ഞാൻ,
എങ്കിലും ഞാൻ ഒരിക്കൽ ഒരാൾക്‌ വേണ്ടി റസൂൽ ആയിട്ടുണ്ട്‌..

കരിഷ്മ കപൂറിന്റെ ലുക്കുണ്ടവൾക്‌ എന്നു പറഞ്ഞു കാണിച്ച്‌ കൊടുത്തപ്പോ,
ഏത്‌ ഭാഗം കൊണ്ടെന്നു ചോദിച്ച പ്രിയ സുഹൃത്ത് പ്രിയൻ ആദ്യമെന്നെ നിരുത്സാഹപ്പെടുത്തി..

പിറകെ ദാ അബുവും കോളും വരുന്നു, അവളുടെ പിറകെ നടക്കുന്ന സ്കൂളിലെ പ്രസിദ്ദരുടെ  ലിസ്റ്റുമായി.. ഞാൻ തളരുമോ.. ലോകത്ത്‌ തളരാത്ത ഒരു തൊഴിലാളി വർഗ്ഗമുണ്ടെങ്കിൽ അത്‌ കാമുകന്മാരാകും..

എന്റെ പ്രേമം കൂടുതൽ ശക്തിയാർജ്ജിച്ച്‌ ഓടിത്തുടങ്ങി..
അവൾ കയറുന്ന ബസ്സിൽ,
ഇറങ്ങുന്ന സ്റ്റോപിൽ,
നടക്കുന്ന വഴിയിൽ,
വീടിനു മുന്നിലെ കാസറ്റ്‌ കടയിൽ,
കോളേജിനു മുന്നിലെ സ്റ്റുഡിയോയിൽ..

ആ കണ്ണുകളിൽ നോക്കിയത്‌ പറയാനുള്ള ധൈര്യം എന്നിലെ റസൂലിനുണ്ടായില്ല..
ഈ കഥയിലെ റസൂലിന്റെ കൂട്ടുകാരൻ അബു, നിസാമിനോട്‌ ഞാൻ കാര്യം പറഞ്ഞു..

വെട്ടൊന്നു മുറി രണ്ട്‌ എന്ന ഫിലോസഫി കൊണ്ട്‌ നടക്കുന്നവനെ
ആണല്ലോ അബു എന്നു വിളിക്കപ്പെടുന്നത്‌..


കൂടൽമാണിക്യം അംബലനടയിൽ വച്ചായിരുന്നു ആ മംഗള കർമ്മം നടന്നത്‌..

ഗാനമേളയുടെ പിരിവിനു വിൻസെന്റ്‌ ചേട്ടന്റെ സൈക്കിൾ കടയിൽ നിൽകുകയായിരുന്നു ഞങ്ങൾ രണ്ടും, താഴോട്ട്‌ നോക്കി വേഗത്തിൽ നടക്കുകയായിരുന്ന അവളെ കണ്ടതും, ഒരു പ്രകോപനവും ഇല്ലാതെ അവൻ ചാടി കുറുകെ നിന്നു.. അംബരന്നു നിന്ന എന്നെ ചൂണ്ടിക്കാണിച്ച്‌ അവൻ പറഞ്ഞു..

"ടീ, അവനു നിന്നെ ഇഷ്ടമാണെന്നു.."

നിർവ്വികാരതയോടെ എന്നെ ഒന്നു നോക്കിയിട്ടവൾ നടന്നകന്നു..
നേരിട്ട്‌ പറയാൻ ധൈര്യമില്ലാത്ത കാമുകന്റെ മനോവേദനയുമായി ഞാൻ അത്‌ നോക്കി ഞാൻ നിന്നു..

എതോ യുദ്ദം ജയിച്ച യോദ്ദാവിനെ പോലെ നിസാം എന്നോട്‌ പറഞ്ഞു..

"പോരെ..?? .. നീ നോക്കിക്കോ മോനെ.. ഇന്നവൾക്‌ ഉറക്കമുണ്ടാകില്ല..
ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത്‌ കേട്ട്‌ കോരിത്തരിച്ച്‌ ഞാനന്നു ഉറങ്ങാതെ സ്വപ്നം കണ്ടു.. അന്നു രാത്രി,
ഞങ്ങളൊരുമിച്ച്‌ മാസിൽ മാറ്റിനിക്ക്‌ പോയി, അവിടെ വച്ച്‌ ഞാനവൾകെന്റെ പ്രണയം കൈമാറി.. ആ ചുരുൾമുടിക്കെട്ടിൽ നിന്നാ തട്ടം പിടിച്ചിറക്കിയിട്ടു, കാണാൻ ആഗ്രഹിച്ച ആ ജുംക കമ്മലിൽ ഞാനൊന്ന് തൊട്ടു. ഒരു ഇലെക്റ്റ്രിക് ഷോക്ക് കയ്യിലൂടെ കടന്നു പോയി.. ആ ഷോക്കിൽ ഞെട്ടിയെണീറ്റ്‌ നിസാമിനെ വിളിച്ചു..

സീൻ പതിനാറ്,
സ്കൂൾ അങ്കണം,
ആലിന്റെ ചുവട്ടിൽ ...

"നീ കളിക്കല്ലേ, കാര്യം എന്താച്ചാ പറ..."

വെള്ളിയാഴ്ച വെട്ടിയ നഖം വീണ്ടും കടിച്ച് കടിച്ച് വിരലിൽ കടിച്ചിട്ടും അവൻ മിണ്ടിയില്ല..

"അവൾക് വേറെ ലൈൻ ഇണ്ടാ.. ഇണ്ടെങ്കിൽ പറഞ്ഞോ .. എനിക്ക് വിഷമം ഒന്നുല്ല്യ.. അവൾ സന്തോഷായിട്ട് ഇരുന്നാ മതി"

ഒരാവേശതിനു, അടുത്തിടെ കണ്ട ഏതോ തമിഴ് പടത്തിൽ വിജയ്‌ പറഞ്ഞ ഡയലോഗിന്റെ കഷണം തിരുകി ഞാൻ ഒരു ശ്രമം നടത്തി.

"അളിയാ എന്നോടൊന്നും തോന്നരുത്, എനിക്കിഷ്ടം ഇണ്ടായിട്ടല്ല, പിന്നെ നീ പറഞ്ഞ പോലെ അവൾ സന്തോഷം ആയിരുന്നോട്ടെ എന്ന് കരുതിയാണ്.. അവൾക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ തടയാൻ നില്കാഞ്ഞത്.."

എന്റെ ആവേശം എടുത്തെന്റെ തലക്കടിച്ച, അവൻ മിണ്ടാതെ നടന്നു പോയി..
അവിടെ അടുത്ത് ഒരു കുളമോ, കിണറോ ഉണ്ടായിരുന്നെങ്കിൽ എന്റെ ലവ് സ്റ്റോറി അതിൽ അവസാനിച്ചേനെ.. ആ ആൽമരത്തിൽ നിന്നെവിടെന്നോ അവന്റെ ആ മഹദ് വചനങ്ങൾ അശരീരിയായി എന്റെ കാതിൽ വന്നടിച്ചു ..

"ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത് തന്നെ സംഭവിച്ചു!
പിന്നീടാ കാട്ടിൽ റസൂലിനെ ആരും കണ്ടിട്ടേയില്ല!

Saturday, 14 June 2014

ജീവിതം മണക്കുന്ന സിനിമകൾ !

അടുത്തിടെ കണ്ട സിനിമകളിൽ മറ്റുള്ളവരും
കാണണം എന്നാഗ്രഹിക്കുന്ന സിനിമകൾ ..

Extremely Loud & Incredibly Close (2011)

വേൾഡ് ട്രേഡ് സെന്റെർ ഫ്ലൈറ്റ് ഇടിച് തകർത്ത അപകടത്തിൽ പെട്ട് മരിക്കുന്ന പിതാവിന്റെ പെട്ടിയിൽ നിന്ന് കിട്ടുന്ന ഒരു കീ, അതിന്റെ രഹസ്യം തേടിയുള്ള മകന്റെ യാത്രയാണ് ഈ സിനിമ,
ഞെട്ടിച്ച്‌ കളഞ്ഞ ത്രെഡ്, കഥാഗതികൾ, അഭിനയം, സംവിധാനം.

Osama (2003)

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് എതിരെ അവരെടുക്കുന്ന കടുത്ത നിലപാടുകളുടെ ബാക്കിപത്രം ആയി വിവിധ അഫ്ഗാൻ യുദ്ദങ്ങളിൽ ആണുങ്ങൾ മരിച്ചു പോയ മൂന്നു സ്ത്രീകളുൾപെടുന്ന കുടുംബത്തിന്റെ കഥയാണ് ഈ സിനിമയുടെ അടിസ്ഥാനം, ജീവിക്കാൻ മാർഗമില്ലാതെ മകളെ ആണുങ്ങളെ പോലെ ആക്കി ജോലിക്ക് വിടാൻ തീരുമാനിക്കുകയാണ് അമ്മയും മുത്തശ്ശിയും..

Filmistaan (2012)

അഭിനേതാവാകാൻ കടുത്ത ആഗ്രഹമുള്ള സണ്ണി, അലച്ചിലിനൊടുവിൽ കിട്ടിയ സംവിധാന സഹായി എന്ന പോസ്റ്റുമായി രാജസ്ഥാനിൽ പോകുമ്പോൾ പാകിസ്താൻ തീവ്രവാദികൾ ആളുമാറി തട്ടിക്കൊണ്ടു പോകുന്നു.
താമസിപ്പിക്കുന്ന ഗ്രാമത്തിൽ ഇന്ത്യൻ സിനിമയോട് ഏറെ ഇഷ്ടം വച്ചുപുലർത്തുന്ന വീട്ടുടമസ്ഥന്റെ മകനെ കൂട്ടായി കിട്ടുന്നതോടെ സിനിമ എന്ന മാദ്യമത്തിലൂടെ രണ്ടു രാജ്യങ്ങളേയും കൂട്ടി ബന്ധിപ്പിക്കുകയാണ്, ഈ കഥ. സുഹൃത്തിനെ രക്ഷപ്പെടുത്താൻ ഉള്ള ശ്രമം ആണ് പിന്നീട് ..
"സാധാരണക്കാരന് രാഷ്ട്രീയം അറിയില്ല അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.."

Papilio Buddha (2013)

ബാറിൽ പോയി അടിച്ച്, KFC വാങ്ങിക്കഴിച്ച്‌, ആഗോളവല്കരണത്തിനെ കുറിച്ച് സംസാരിച്, തൂവൽ കിടക്കയിൽ കിടന്നുറങ്ങുന്ന നമ്മളൊക്കെ സിനിമകൾ എന്ന് പറഞ്ഞു കാണുന്ന കോപ്രായങ്ങൾ തന്നെ ആണ് നമ്മളെ ഇങ്ങനെയൊക്കെ ആക്കിയത് എന്നെനിക്കു തോന്നുന്നു... papilio buddha പോലെ ഉള്ള സിനിമകൾ കാണാത്തതിന്റെ, ഇങ്ങനെ ഉള്ള സിനിമകൾ ചെയ്യാൻ ആളില്ലാത്തതിന്റെ എല്ലാം കുറവ് ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. ജീവിതത്തോട് അല്പമെങ്കിലും സ്നേഹമുണ്ട് എങ്കിൽ ഈ സിനിമ കാണണം, ഇതുവരെ കണ്ടത്  എന്താണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും..