Monday, 21 July 2014

ഞാൻ എന്ന റസൂൽ !

"അന്നയും റസൂലും" ആറാമത്തെ തവണ കണ്ടു.

എന്റെ പ്രണയത്തിൽ ഒരു റസൂലായിരുന്നില്ല ഞാൻ,
എങ്കിലും ഞാൻ ഒരിക്കൽ ഒരാൾക്‌ വേണ്ടി റസൂൽ ആയിട്ടുണ്ട്‌..

കരിഷ്മ കപൂറിന്റെ ലുക്കുണ്ടവൾക്‌ എന്നു പറഞ്ഞു കാണിച്ച്‌ കൊടുത്തപ്പോ,
ഏത്‌ ഭാഗം കൊണ്ടെന്നു ചോദിച്ച പ്രിയ സുഹൃത്ത് പ്രിയൻ ആദ്യമെന്നെ നിരുത്സാഹപ്പെടുത്തി..

പിറകെ ദാ അബുവും കോളും വരുന്നു, അവളുടെ പിറകെ നടക്കുന്ന സ്കൂളിലെ പ്രസിദ്ദരുടെ  ലിസ്റ്റുമായി.. ഞാൻ തളരുമോ.. ലോകത്ത്‌ തളരാത്ത ഒരു തൊഴിലാളി വർഗ്ഗമുണ്ടെങ്കിൽ അത്‌ കാമുകന്മാരാകും..

എന്റെ പ്രേമം കൂടുതൽ ശക്തിയാർജ്ജിച്ച്‌ ഓടിത്തുടങ്ങി..
അവൾ കയറുന്ന ബസ്സിൽ,
ഇറങ്ങുന്ന സ്റ്റോപിൽ,
നടക്കുന്ന വഴിയിൽ,
വീടിനു മുന്നിലെ കാസറ്റ്‌ കടയിൽ,
കോളേജിനു മുന്നിലെ സ്റ്റുഡിയോയിൽ..

ആ കണ്ണുകളിൽ നോക്കിയത്‌ പറയാനുള്ള ധൈര്യം എന്നിലെ റസൂലിനുണ്ടായില്ല..
ഈ കഥയിലെ റസൂലിന്റെ കൂട്ടുകാരൻ അബു, നിസാമിനോട്‌ ഞാൻ കാര്യം പറഞ്ഞു..

വെട്ടൊന്നു മുറി രണ്ട്‌ എന്ന ഫിലോസഫി കൊണ്ട്‌ നടക്കുന്നവനെ
ആണല്ലോ അബു എന്നു വിളിക്കപ്പെടുന്നത്‌..


കൂടൽമാണിക്യം അംബലനടയിൽ വച്ചായിരുന്നു ആ മംഗള കർമ്മം നടന്നത്‌..

ഗാനമേളയുടെ പിരിവിനു വിൻസെന്റ്‌ ചേട്ടന്റെ സൈക്കിൾ കടയിൽ നിൽകുകയായിരുന്നു ഞങ്ങൾ രണ്ടും, താഴോട്ട്‌ നോക്കി വേഗത്തിൽ നടക്കുകയായിരുന്ന അവളെ കണ്ടതും, ഒരു പ്രകോപനവും ഇല്ലാതെ അവൻ ചാടി കുറുകെ നിന്നു.. അംബരന്നു നിന്ന എന്നെ ചൂണ്ടിക്കാണിച്ച്‌ അവൻ പറഞ്ഞു..

"ടീ, അവനു നിന്നെ ഇഷ്ടമാണെന്നു.."

നിർവ്വികാരതയോടെ എന്നെ ഒന്നു നോക്കിയിട്ടവൾ നടന്നകന്നു..
നേരിട്ട്‌ പറയാൻ ധൈര്യമില്ലാത്ത കാമുകന്റെ മനോവേദനയുമായി ഞാൻ അത്‌ നോക്കി ഞാൻ നിന്നു..

എതോ യുദ്ദം ജയിച്ച യോദ്ദാവിനെ പോലെ നിസാം എന്നോട്‌ പറഞ്ഞു..

"പോരെ..?? .. നീ നോക്കിക്കോ മോനെ.. ഇന്നവൾക്‌ ഉറക്കമുണ്ടാകില്ല..
ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത്‌ കേട്ട്‌ കോരിത്തരിച്ച്‌ ഞാനന്നു ഉറങ്ങാതെ സ്വപ്നം കണ്ടു.. അന്നു രാത്രി,
ഞങ്ങളൊരുമിച്ച്‌ മാസിൽ മാറ്റിനിക്ക്‌ പോയി, അവിടെ വച്ച്‌ ഞാനവൾകെന്റെ പ്രണയം കൈമാറി.. ആ ചുരുൾമുടിക്കെട്ടിൽ നിന്നാ തട്ടം പിടിച്ചിറക്കിയിട്ടു, കാണാൻ ആഗ്രഹിച്ച ആ ജുംക കമ്മലിൽ ഞാനൊന്ന് തൊട്ടു. ഒരു ഇലെക്റ്റ്രിക് ഷോക്ക് കയ്യിലൂടെ കടന്നു പോയി.. ആ ഷോക്കിൽ ഞെട്ടിയെണീറ്റ്‌ നിസാമിനെ വിളിച്ചു..

സീൻ പതിനാറ്,
സ്കൂൾ അങ്കണം,
ആലിന്റെ ചുവട്ടിൽ ...

"നീ കളിക്കല്ലേ, കാര്യം എന്താച്ചാ പറ..."

വെള്ളിയാഴ്ച വെട്ടിയ നഖം വീണ്ടും കടിച്ച് കടിച്ച് വിരലിൽ കടിച്ചിട്ടും അവൻ മിണ്ടിയില്ല..

"അവൾക് വേറെ ലൈൻ ഇണ്ടാ.. ഇണ്ടെങ്കിൽ പറഞ്ഞോ .. എനിക്ക് വിഷമം ഒന്നുല്ല്യ.. അവൾ സന്തോഷായിട്ട് ഇരുന്നാ മതി"

ഒരാവേശതിനു, അടുത്തിടെ കണ്ട ഏതോ തമിഴ് പടത്തിൽ വിജയ്‌ പറഞ്ഞ ഡയലോഗിന്റെ കഷണം തിരുകി ഞാൻ ഒരു ശ്രമം നടത്തി.

"അളിയാ എന്നോടൊന്നും തോന്നരുത്, എനിക്കിഷ്ടം ഇണ്ടായിട്ടല്ല, പിന്നെ നീ പറഞ്ഞ പോലെ അവൾ സന്തോഷം ആയിരുന്നോട്ടെ എന്ന് കരുതിയാണ്.. അവൾക് എന്നെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോ ഞാൻ തടയാൻ നില്കാഞ്ഞത്.."

എന്റെ ആവേശം എടുത്തെന്റെ തലക്കടിച്ച, അവൻ മിണ്ടാതെ നടന്നു പോയി..
അവിടെ അടുത്ത് ഒരു കുളമോ, കിണറോ ഉണ്ടായിരുന്നെങ്കിൽ എന്റെ ലവ് സ്റ്റോറി അതിൽ അവസാനിച്ചേനെ.. ആ ആൽമരത്തിൽ നിന്നെവിടെന്നോ അവന്റെ ആ മഹദ് വചനങ്ങൾ അശരീരിയായി എന്റെ കാതിൽ വന്നടിച്ചു ..

"ഒരാൾ ഇഷ്ടമാണെന്നു പറഞ്ഞു കേൾകുന്ന അന്നു ഏതൊരു പെണ്ണിനും ഉറങ്ങാൻ കഴിയില്ല.."

അത് തന്നെ സംഭവിച്ചു!
പിന്നീടാ കാട്ടിൽ റസൂലിനെ ആരും കണ്ടിട്ടേയില്ല!

Saturday, 14 June 2014

ജീവിതം മണക്കുന്ന സിനിമകൾ !

അടുത്തിടെ കണ്ട സിനിമകളിൽ മറ്റുള്ളവരും
കാണണം എന്നാഗ്രഹിക്കുന്ന സിനിമകൾ ..

Extremely Loud & Incredibly Close (2011)

വേൾഡ് ട്രേഡ് സെന്റെർ ഫ്ലൈറ്റ് ഇടിച് തകർത്ത അപകടത്തിൽ പെട്ട് മരിക്കുന്ന പിതാവിന്റെ പെട്ടിയിൽ നിന്ന് കിട്ടുന്ന ഒരു കീ, അതിന്റെ രഹസ്യം തേടിയുള്ള മകന്റെ യാത്രയാണ് ഈ സിനിമ,
ഞെട്ടിച്ച്‌ കളഞ്ഞ ത്രെഡ്, കഥാഗതികൾ, അഭിനയം, സംവിധാനം.

Osama (2003)

താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് എതിരെ അവരെടുക്കുന്ന കടുത്ത നിലപാടുകളുടെ ബാക്കിപത്രം ആയി വിവിധ അഫ്ഗാൻ യുദ്ദങ്ങളിൽ ആണുങ്ങൾ മരിച്ചു പോയ മൂന്നു സ്ത്രീകളുൾപെടുന്ന കുടുംബത്തിന്റെ കഥയാണ് ഈ സിനിമയുടെ അടിസ്ഥാനം, ജീവിക്കാൻ മാർഗമില്ലാതെ മകളെ ആണുങ്ങളെ പോലെ ആക്കി ജോലിക്ക് വിടാൻ തീരുമാനിക്കുകയാണ് അമ്മയും മുത്തശ്ശിയും..

Filmistaan (2012)

അഭിനേതാവാകാൻ കടുത്ത ആഗ്രഹമുള്ള സണ്ണി, അലച്ചിലിനൊടുവിൽ കിട്ടിയ സംവിധാന സഹായി എന്ന പോസ്റ്റുമായി രാജസ്ഥാനിൽ പോകുമ്പോൾ പാകിസ്താൻ തീവ്രവാദികൾ ആളുമാറി തട്ടിക്കൊണ്ടു പോകുന്നു.
താമസിപ്പിക്കുന്ന ഗ്രാമത്തിൽ ഇന്ത്യൻ സിനിമയോട് ഏറെ ഇഷ്ടം വച്ചുപുലർത്തുന്ന വീട്ടുടമസ്ഥന്റെ മകനെ കൂട്ടായി കിട്ടുന്നതോടെ സിനിമ എന്ന മാദ്യമത്തിലൂടെ രണ്ടു രാജ്യങ്ങളേയും കൂട്ടി ബന്ധിപ്പിക്കുകയാണ്, ഈ കഥ. സുഹൃത്തിനെ രക്ഷപ്പെടുത്താൻ ഉള്ള ശ്രമം ആണ് പിന്നീട് ..
"സാധാരണക്കാരന് രാഷ്ട്രീയം അറിയില്ല അവന് സ്നേഹിക്കാൻ മാത്രമേ അറിയൂ.."

Papilio Buddha (2013)

ബാറിൽ പോയി അടിച്ച്, KFC വാങ്ങിക്കഴിച്ച്‌, ആഗോളവല്കരണത്തിനെ കുറിച്ച് സംസാരിച്, തൂവൽ കിടക്കയിൽ കിടന്നുറങ്ങുന്ന നമ്മളൊക്കെ സിനിമകൾ എന്ന് പറഞ്ഞു കാണുന്ന കോപ്രായങ്ങൾ തന്നെ ആണ് നമ്മളെ ഇങ്ങനെയൊക്കെ ആക്കിയത് എന്നെനിക്കു തോന്നുന്നു... papilio buddha പോലെ ഉള്ള സിനിമകൾ കാണാത്തതിന്റെ, ഇങ്ങനെ ഉള്ള സിനിമകൾ ചെയ്യാൻ ആളില്ലാത്തതിന്റെ എല്ലാം കുറവ് ഇന്ന് നമ്മൾ അനുഭവിക്കുന്നുണ്ട്. ജീവിതത്തോട് അല്പമെങ്കിലും സ്നേഹമുണ്ട് എങ്കിൽ ഈ സിനിമ കാണണം, ഇതുവരെ കണ്ടത്  എന്താണെന്ന് തിരിച്ചറിയാനെങ്കിലും അതുപകരിക്കും..

Saturday, 17 May 2014

മോഡി - ആശങ്കകളും പ്രതീക്ഷകളും !


മോഡി അധികാരത്തിൽ വരുന്ന അന്ന് മുതൽ ഇന്ത്യയിലെ മുസ്ലിംകളുടെ തലകൾ തെരുവുകളിൽ കിടന്നുരുളും, തലകൾ ഹിന്ദുക്കൾ ഫുട്ട്ബാൾ ആയി തട്ടിക്കളിക്കും, വെടിയുണ്ടകളെ അതിജീവിച് ഓടി ഒളിക്കുന്നവരെ ഇന്ത്യൻ പാസ്സ്പ്പോർട്ട് റദ്ദാക്കി പാകിസ്ഥാനിലേക്ക് കയറ്റിവിടും, മുസ്ലിം സ്ത്രീകൾ ബലാല്സംഗം ചെയ്യപ്പെടും, ഗർഭിണികളെ ശൂലം കൊണ്ട് കുത്തും.

ഇങ്ങനെ വിശ്വസിക്കുന്ന ഒരു മുസ്ലിമും ഇന്ത്യാ രാജ്യത്തില്ല  പ്രിയ സംഘപരിവാർ ബീജേപി പ്രവര്ത്തകരെ അനുഭാവികളെ വോട്ടർമാരെ, എങ്കിലും ചിലതുണ്ട്. തുറന്നു പറചിലൊരു  വിലാപമായോ ഇരവാദമായൊ എടുക്കരുത് എന്ന അപേക്ഷയാണ് എനിക്കാദ്യം മുന്നോട്ടു വക്കാനുള്ളത്.

ഇന്ത്യൻ ന്യൂനപക്ഷങ്ങളും പ്രത്യേകിച്ച് മുസ്ലിം ജനതയും ഈ തിരഞ്ഞെടുപ്പ് ഫലത്തിൽ ആശങ്കാകുലരാണ്, തന്റെ ഭരണകാലത്ത് തന്റെ പാര്ടിക്കാരും ഉദ്യോഗസ്ഥരും നടത്തിയ കൂട്ടക്കൊലക്കും ഭവനബേദനത്തിനും മറ്റ് അക്രമങ്ങൾകും പരോക്ഷമായെങ്കിലും പങ്കാളി ആയ, അതിൽ അല്പം പോലും മനസ്ഥാപം ഇല്ലാത്ത ഒരാളാണ് നമ്മുടെ പ്രധാനമന്ത്രി ആകാൻ പോകുന്നത് എന്ന ചിന്ത മതത്തിന് മേലെ മനുഷ്യത്തം കാണുന്ന ആർകും സങ്കല്പ്പിക്കാവുന്നതിൽ അപ്പുറമാണ്. ഇതിനു പുറമേ, രാജ്യത്തെ മുസ്ലിംകൾ തങ്ങളോ അല്ലെങ്കിൽ പൂർവികരെങ്കിലും ഹിന്ദുക്കളാണെന്നൊ സമ്മതിക്കാത്ത പക്ഷം അവരുടെ വോട്ടവകാശം നിഷേധിക്കുമെന്ന് പറഞ്ഞ ആൾ മുതൽ, മോഡിയെ അന്ഗീകരിക്കാത്തവർ പാകിസ്ഥാനിലേക്ക് പോകണമെന്ന് ആഹ്വാനം ചെയ്തവർ വരെ ആണ് നമ്മളെ ഭരിക്കാൻ നാം തിരഞ്ഞെടുത്തിരിക്കുന്നത് എന്നത് ഒരു ഭീകര യാഥാർത്യം തന്നെ ആണ്.


ഭരണത്തിന്റെ ആനുകൂല്യങ്ങൾ ഇല്ലാതെ തന്നെ കമ്മ്യൂണൽ ഇഷ്യൂസ് ഉയർത്തി വിട്ട, പള്ളി പൊളിച്ച, യുവാക്കളെ ജയിലിലടച്ച, നീതി നിഷേധം നടത്തിയ പാര്ടിയും നേതൃത്വവും ഭരണത്തിൽ കയറിയാൽ സംഭവിക്കാവുന്ന കാര്യങ്ങളിൽ ആശങ്കാകുലരാണ്, എങ്കിലും മനുഷ്യനെ മുന്നോട്ടു നയിക്കുന്ന പ്രതീക്ഷകൾ, അവയുടെ കെടാത്ത നാളങ്ങൾ ഞങ്ങളിലുണ്ട്.

മുസ്ലിംകളുടെ രക്തത്തിന് മുറവിളി കൂട്ടുന്ന, വോട്ടിനു വേണ്ടി നിങ്ങൾ തന്നെ സൃഷ്ടിച്ചെടുത്ത പാവപ്പെട്ട വിദ്യാഭ്യാസമില്ലാത്ത ജനങ്ങളോട് നിങ്ങൾ എന്ത് ന്യായം പറയും എന്നറിയില്ല, അയോധ്യയിലെ അമ്പലം പ്രതീക്ഷിച് നിങ്ങള്ക്ക് വോട്ട് ചെയ്ത വിശ്വാസികളോടും നിങ്ങളിൽ പ്രതീക്ഷയർപ്പിച്ചിരിക്കുന്ന ന്യൂനപക്ഷത്തോടും ഒരേ സമയം എങ്ങനെ നീതി പുലർത്തും എന്നുമറിയില്ല.

പക്ഷെ കഴിഞ്ഞ അഞ്ചു വര്ഷക്കാലം, തെരഞ്ഞെടുത്തയച്ച ജനതയുടെ മേല്സാധൂകരണങ്ങളില്ലാത്ത കടന്നുകയറ്റവും കറകളഞ്ഞ അക്രമവും മാത്രം തുടര്ച്ചയായി അടിച്ചേല്പ്പിച്ചു പോന്ന ഒരു വന്കവര്ച്ചാസംഘത്തിന്റെ പിടിയില്നിന്നും രക്ഷപ്പെടാന്വേണ്ടി നിങ്ങൾക്ക് വോട്ട് ചെയ്തവരും ഞങ്ങളും പ്രതീക്ഷിക്കുന്നു.

കൂട്ടക്കുരുതികളും ചോരപ്പുഴകളുമില്ലാത്ത, വംശീയതയും വര്ഗ്ഗവൈരവുമില്ലാത്ത, നഗരങ്ങളിലും ഗ്രാമങ്ങളിലും സമാധാനവും സമൃദ്ധിയും പുലരുന്ന, ന്യായവിലക്ക് ഇന്ധനവും ആഹാരവും ലഭ്യമാവുന്ന, ദാരിദ്ര്യനിര്മ്മാര്ജ്ജനത്തിന് ഒന്നാം സ്ഥാനം നല്കുന്ന, ഇന്ത്യയുടെ ചരിത്രത്തില്ഉപമയില്ലാത്ത, തങ്കലിപികളില്എഴുതപ്പെടുന്ന സാര്വ്വത്രികസൗഹാര്ദ്ദത്തിന്റെ പുതുപുത്തനൊരഞ്ചു വര്ഷം.

Saturday, 25 January 2014

പറഞ്ഞാ കേക്കാത്ത ചെയ്താൻ !





കൊല്ലപ്പരീഷേല് ഇജ്ജ് തോറ്റ്ക്ക് ഹംക്കേന്നു 
ഇക്കാക്ക പറഞ്ഞപ്പോ, തോനെ കരഞ്ഞിക്ക്
അടുത്തകൊല്ലം ജയിക്കാന്നു ഇമ്മ പറഞ്ഞിനി 
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല 
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ് 
ആകപ്പാടെ ഇഷ്ടണ്ടായിന ഷംല ടീചെർ 
കല്ല്യാണം കഴിഞ്ഞ് പോയപ്പോ 
എമ്പാടും വെഷമിചിക്ക്, മൂന്നാല് മാസം കഴിഞ്ഞാ 
വരുമെന്ന് ഓലെ ഇക്ക പറഞ്ഞിനി, 
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ്

കാലും കരളും പന്തിന്റെ പിന്നാലെ പായാൻ
തൊടങ്ങിയന്ന് തൊട്ട് ഇന്റെ ടീം അർജെന്റീന ആയിനി
1998 ൽ ഹോളണ്ടിനോട് തോറ്റ് പൊറത്തായ അന്ന് അന്തിക്ക്
ഇമ്മ ചോയിച്, അന്റെ ആരാണ്ടാ മയ്യത്തായത്, ഇയ്യെന്തിനാ ഇങ്ങനെ
മൊങ്ങ്ണ്ന്ന്... ഞാനെന്നോടു പറഞ്ഞ്, 2002 ൽ നോക്കാന്ന്
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ് 


ഓളെ ഉപ്പീം ഉമ്മീം സ്നേഹിചേന്റെ ഇരട്ടിക്ക് ഞാനോളെ സ്നേഹിചിനി,
ഓക്ക് മാണ്ടി ഞാൻ സാനങ്ങൾ മാങ്ങിയ കടക്കാരൻ മമ്മദ് ഇന്ന് കൊടീശരനാ
ന്നിട്ട് സ്വർണക്കളർ വാച് കെട്ട്യ ഗൾഫാരന്റെ കൂടെ ഓൾ പോയി
ഓലെ കാറിന്റെ പൊറകിൽ ഓടി വീണ എന്നെ പൊക്കിയെടുത്ത്
ന്റെ മൂത്താപ്പ പിരാന്തൻ കോയ പറഞ്ഞ്, കുഞ്ഞോനെ.. 

ഓളല്ലെങ്കി ഓളെ ഇമ്മാന്നു...
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ്

മൂത്തമ്മ വയ്യാണ്ടിരിക്കല്ലേ ഇടക്കൊന്നു വിളിക്കണംന്നു ഇമ്മ പറഞ്ഞ്
കയ്യിലെ പഴുപ്പല്ലേ ഇന്ന് വിളിക്കാം നാളെ വിളിക്കാന്ന് ഞാൻ കരുതി
ഒരീസം വെളുപ്പിനു മൂത്തമ്മ പോയി, ഇന്റെ നെഞ്ചിന്റെ പെടപ്പ്
ഞാനാരോട് പറയും പടച്ചോനേന്നു, ഞാനിമ്മ വിളിച്ചപ്പ പറഞ്ഞ് കരഞ്ഞ്
സാരല്ല മോനെ, മൂത്തമ്മ പൊരുത്തപ്പെടുംന്ന് പറഞ്ഞ് ഇമ്മേം കരഞ്ഞ്
ന്നാലും.. മനസിനോട് ആര് പറഞ്ഞിട്ടും കാര്യല്ല
അതൊരു പറഞ്ഞാ കേക്കാത്ത ചെയ്താനാണ് !!