നവംബർ 13
ഞങ്ങളുടെ ആനിവേഴ്സറി,
കണക്കു പുസ്തകത്തിലെ അക്കങ്ങളിൽ ബന്ധിക്കപ്പെട്ട എന്റെ തിരക്കിനിടെ വരണ്ട് പോയിരുന്ന അവളുടെ ജീവിതം എന്നെ ആശങ്കപെടുത്തിയിരുന്നു, ഇടയ്ക്കിടെ നല്കുന്ന പ്രോമിസുകൾ അറിഞ്ഞുകൊണ്ടല്ലെങ്കിലും തകർക്കപ്പെടുമ്പോൾ അവളെന്നെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.ഈ ആനിവേഴ്സറി എങ്കിലും അവളെ സന്തോഷിപ്പിക്കണം എന്ന് കരുതിയാണ്, ബോസ് സിറിലിനോട് വഴക്കിട്ടാണെങ്കിലും പത്ത് മുതൽ ഒരാഴ്ച അവധി വാങ്ങിയത്.
എറിക് കാന്റനയെ പറ്റി അവൾ സംസാരിച് തുടങ്ങിയാൽ ഞാൻ തടയില്ല, ഇംഗ്ലീഷ് ഫുട്ബാളിനെ പ്രണയിച്ച ഫ്രഞ്ച്കാരൻ എറിക് കാന്റനയെ അവൾക് വലിയ ഇഷ്ടമായിരുന്നു, നീയും മാർസൈയിൽ നിന്നായത് കൊണ്ടാണ് എന്ന് ഞാനെപ്പോളും കളിയാക്കും.
"കിംഗ് എറിക് വരുന്നുണ്ട്, ജോ, did you know...?"
"No, I don't... but i know that you are going to see him..."
ഞാനത് പറഞ്ഞപ്പോൾ അവൾ ഞെട്ടിയതും മുഖം സന്തോഷം കൊണ്ട് ചുവന്നതും ഞാൻ നോക്കിനിന്നു. ഫ്രാൻസ് - ജെർമനി സൌഹൃദ മത്സരത്തിന്റെ ടിക്കെറ്റ്സ് ഞാനവളുടെ കൈകളിലേക്ക് കൊടുത്തു. നല്കാതെ പോയ സന്തോഷങ്ങളുടെ നഷ്ടബോധത്തിൽ എന്റെ കണ്ണുകൾ നനഞ്ഞു.
ഞങ്ങൾ ഫ്രാൻസുകാർ ഇങ്ങനെയാണ് രാജ്യം ഒരു വികാരമാണ്,
Stade de France സ്റ്റേഡിയവും അതിനു സാക്ഷി ആയിരുന്നു, തിങ്ങി നിറഞ്ഞ കാണികൾ, പൊങ്ങി പറക്കുന്ന പതാകകളും, നീലയും വെള്ളയും ചുവപ്പും ചായം തേച്ച മുഖങ്ങളും. ഞാൻ അവളെ മാത്രം നോക്കി, പോഗ്ബയും ദിയാറയും ബാളുമായി ജർമ്മൻ ബോക്സിലേക്ക് അടുക്കുമ്പോളും, ലോറിയസ് പതറുംബോളും അവളുടെ മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ ഞാൻ ഒപ്പിയെടുത്തുകൊണ്ടിരുന്നു. കുറെ നേരമായി റിംഗ് ചെയ്യുന്ന ഫോണ്‍ ഇഗ്നോർ ചെയ്യുകയായിരുന്നു ഞാൻ. ഒടുവിൽ സിറിൽ, നിർത്താൻ ഭാവമില്ല എന്ന് കണ്ടപ്പോൾ, കഴിക്കാൻ എന്തെങ്കിലും വാങ്ങി വരാമെന്ന് പറഞ്ഞ് ഇറങ്ങി, അപ്പോളും അവളെ ഞാൻ ഒന്ന് തൊട്ടില്ല.
ആരവങ്ങൾ ഇല്ലാത്ത സ്റ്റെഡിയതിന്റെ പുറത്ത് തിരികെ വിളിക്കാൻ, ഫോണ്‍ എടുത്തതും ആദ്യം ഒരു പൊട്ടൽ മാത്രം ചെവിയിൽ,തെറിച്ചു വീണു, എവിടെയൊക്കെയോ അടിച്ചു, കടുത്ത വേദന, അനങ്ങാൻ കഴിയുന്നില്ല, ആളുകൾ പരക്കം പായുന്നു, ആരോ എന്റെ കാലിൽ ചവിട്ടികൊണ്ട് ഓടി, കാലിൽ തൊട്ടുനോക്കാൻ ഭാവിച്ചപ്പോളാണ് എനിക്ക് കൈകൾ ഇല്ല എന്ന് ഞാനറിയുന്നത്. ഇടക്കെപ്പൊളോ ബോധം നഷ്ടപ്പെട്ടു.
ഇപ്പോൾ ഒരു തണുത്ത് വിറക്കുന്ന ഒരു പെട്ടിക്കകതാണ് ഞാൻ. അവളും അമ്മയും വന്നപ്പോൾ എന്നെ നോക്കി അലറിക്കരഞ്ഞു, കരയണ്ട എന്ന് പറയണം എന്ന് എനിക്കുണ്ടായിരുന്നു, അപ്പോളാണ് ഡോക്ടർ അവരോടു പറഞ്ഞത്, രക്തം വാർന്നാണ് ഞാൻ മരിച്ചത് എന്ന്. ഞാൻ മരിച്ചിരിക്കുന്നു. ഉറക്കെ കരയാനും, അവളോട് ഒറ്റക്കാക്കി പോകല്ലേ എന്ന് പറയാനും തോന്നി, പേടിപ്പെടുത്തുന്ന ഒരു ഇരുട്ട് എന്നെ വന്നു മൂടി.
ഐസിസിനെതിരെ ഫ്രാൻസ് ഒരിക്കലും റഷ്യയുടെ കൂടെ കൂടരുരുതായിരുന്നു എന്നും,
സിറിയൻ അഭയാർഥികളെ സ്വീകരിക്കരുത് എന്നും സിറിൽ പറയുമ്പോൾ,
സൊലിമാനും ഞാനും അത് രണ്ടും ആവശ്യമാണ് എന്ന് തർകിക്കും,
ഓഫീസിൽ ഡിബേറ്റുകൾ തുടങ്ങിയത് ഷാർലി ഹെബ്ദൊ സംഭവത്തോടെ ആണ്.
ഞാനീ ഇരുട്ടിൽ ആരോരുമില്ലാതെ വിറങ്ങലിച് കിടക്കേണ്ടി വന്നത്, എന്റെ രാജ്യം, അഭയാർഥികളെ സ്വീകരിച്ചത് കൊണ്ട് ആണ് എന്നോ, ഐസിസിനെതിരെ തിരിഞ്ഞത് കൊണ്ടാണ് എന്നോ സ്ഥിരീകരിചെക്കാം, എങ്കിലും പുറം ലോകത്ത് എന്നെ പോലെ ഉള്ള നൂരുകണക്കിന് ആളുകളുടെ മരണവും രാജ്യത്തിന്റെ കണ്ണുനീരും ഇസ്ലാമിസ്ടുകളും ഇസ്ലാമോഫോബിസ്ടുകളും ആഘോഷിക്കുകയാണ്. ഇതും അതും രാഷ്ട്രീയം മാത്രമാണ് എന്ന് ഒന്നും നേടാനോ നഷ്ടപ്പെടാനോ ഇല്ലാത്ത ഈ ലോകത്തിരുന്നു എനിക്ക് കാണാം.
ഇന്ന്, "ഞങ്ങൾക്ക് ഭയമില്ല" എന്ന് ഫ്രഞ്ച് ജനത വിളിച്ചു പറയുകയും തിരിച്ചടിക്കാൻ ഗവണ്മെന്റ് ഇറങ്ങിതിരിക്കുകയും ചെയ്യുന്നു, നിർവികാരത എന്നെ പൊതിഞ്ഞിരിക്കുന്നു, അവസാനമായി അവളെ ഒന്ന് തൊടാൻ കഴിയാതെ, കരയരുത് എന്ന് പറയാൻ കഴിയാതെ എന്റെ അകം നീറുന്നു,,
മരണത്തിനു ശേഷം, രാഷ്ട്രീയമില്ലല്ലോ!