Thursday, 17 September 2015

ഞെട്ടറ്റു വീഴുന്ന ഇലകൾ!

ഞെട്ടറ്റു വീഴുന്ന ഇലകൾ കണക്കെ
ദിനരാത്രങ്ങൾ കീഴ്മേൽ
മറിഞ്ഞ്‌ പൊഴിയുന്നു..
ഈർക്കിൽ അഞ്ജാക്കി മടക്കി ഒടിച്ച്‌
തിണ്ണയിൽ എറിയുന്ന കളിയിൽ തോറ്റ്‌
കരഞ്ഞ ഞാനിപ്പോൾ പൊഴിയുന്ന
വെള്ളിരോമങ്ങൾ നോക്കി
ചിരിക്കാൻ പഠിചിരിക്കുന്നു

ജനിപ്പിച്ചവരുടെ
വിശാലമനസ്കതയിൽ
ഉയർന്നു പറക്കവേ, ഒരു ദിവസം
ഞാനവരുടെ ശവമഞ്ജം ചുമക്കും
അന്നെന്റെ ധമനികൾ
രക്തം കണ്ണുകളിലേക്കൊഴുക്കും
വള്ളി പൊട്ടിയ പട്ടം പോലെ പതിക്കും
മനസിനൊപ്പം കയ്യെത്താതെ കിതക്കും
ഞാനാരെന്നോർത്തോർത്തോരു സന്ദ്യക്കു
ഞാനാർക്കൊ ആരോ ആയിമാറും

വീണ്ടുമാ തിണ്ണയിൽ മലർന്നു കിടക്കും
സൂര്യൻ എന്നെയുംകൊണ്ട്‌
അറബിക്കടലിൽ മുങ്ങാംകുഴിയിടും
രാവിലെ വെറും കയ്യോടെ മടങ്ങും

പിന്നെയും
മഴ പെയ്യുകയും
ചെടികൾ തളിർകുകയും
ഇലകൾ മുളക്കുകയും
കാറ്റിലുലയുകയും
പഴുക്കുകയും
പൊഴിയുകയും
ചെയ്യും..

മരണാഞ്ജലി !


അമ്പത് വയസ്സുള്ള ഒരു ബന്ധു മരിച്ചു.
എണ്‍പതോളം വയസുള്ള ഉമ്മ തലക്കൽ ഇരിക്കുന്നു,
ഞാനവരെ തന്നെ നോക്കി. ചുളിവുകൾ തീർത്ത
ചാലുകളിലൂടെ കണ്ണുനീർ ഒലിച്ചിറങ്ങുന്നു,
എന്തൊക്കെയോ പറയണമെന്നും പൊട്ടിക്കരയണമെന്നും അവർ
ആഗ്രഹിച്ചിരുന്നു, അതിനു തക്ക ആരോഗ്യം പോലുമവർകുണ്ടായില്ല.

മൈലാഞ്ചി ഇലകളുടെയും അത്തറിന്റെയും മണം
ബാക്കിയാക്കി അയാളാ വീടിന്റെ പടി കടന്നു പോയി,
ചോര നീരാക്കി ഉണ്ടാക്കിയ വീട് വിട്ട് എനിക്ക് പോകണ്ട
എന്ന് നിലവിളിച്ചിരിക്കാം, കണ്ണുനീർ വറ്റിയ ഉമ്മയെ നോക്കി
ഏങ്ങി കരഞ്ഞിരിക്കാം, മക്കളോട് ഒരു വാക്ക് മിണ്ടാൻ കൊതിചിരിക്കാം.
എന്തോ, ഞാനൊന്നും കേട്ടില്ല .. ചില അടക്കിപ്പിടിച്ച കരച്ചിലുകൾ അല്ലാതെ..

വെള്ള പൊതിഞ്ഞ് പോകാനായി എന്ന് സ്വയം തോന്നിയ ചിലർ മാത്രം
നിശബ്ദമായി ശൂന്യതയിലേക്ക് മിഴികളെ മേയാൻ വിട്ടുകൊണ്ടവിടെ കുത്തിയിരുന്നു.

മരിച്ച ആളിന്റെ സമപ്രായക്കാർ, മാതൃഭൂമി പത്രത്തിന്റെ ചരമ കോളം നോക്കി
പരസ്പരം ആശ്ചര്യം പ്രകടിപ്പിച്ചു, ചിലർ സ്ഥലക്കച്ചവടത്തിന്റെ ചർച്ചകളിൽ മുഴുകി.

എന്നെക്കാൾ മുൻപേ പാടത്ത് കളിക്കുകയും, ഗൾഫിൽ പോകുകയും ചെയ്ത
ചിലർ മരിച്ച ആളുടെ ഗള്ഫിലെ വീര കഥകൾ പറഞ്ഞ് നഖം കടിച്ചു വെളുപിച്ചു,

മരിച്ച ആൾക് മഹത്വങ്ങൾ മാത്രമേ കാണൂ എന്ന് ഞാൻ പിറുപിറുത്തത് തല നരച്ച ആൾക് ഇഷ്ടമായില്ല എന്ന് തോനുന്നു, കണ്ണുകളെ കുറച്ചു നേരം എന്റെ മുഖത്തേക്ക് പറഞ്ഞയച്ചു.

എന്റെ പ്രായത്തിലുള്ളവരെ അധികമവിടെ കണ്ടില്ല,
ഞങ്ങൾക്ക് ഒന്നിനും നേരമില്ലല്ലോ, ഉമ്മ നിർബന്ധിച്ചത് കൊണ്ട് ഞാൻ...

Tuesday, 8 September 2015

Funny Games.. നതിംഗ് ഫണ്ണി എബൌട്ട്‌ ഇറ്റ്‌ !!

എന്തിന് വേണ്ടിയാണവർ ഈ ക്രൂരത ചെയ്തതെന്ന് ആരും പറഞ്ഞില്ല,
മാനസിക വൈകല്യമുള്ളവർ ഇത്തരത്തിൽ കൃത്യമായി പെരുമാറുമോ
എന്ന സംശയവും മനസ്സിൽ തൂങ്ങിയാടി നിന്നു..
കഴിഞ്ഞ ദിവസം കണ്ട സിനിമ, ഫണ്ണി ഗെയിംസ്,
അതിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

പതിവുള്ള സിനിമാ സമയത്ത് ഇന്നലത്തെ നറുക്ക് വീണത് Michael Haneke യുടെ Funny Games നു. സൌണ്ട് സിസ്റ്റെം മൂളി തുടങ്ങി, കണ്ണടയുടെ ലെൻസ്‌ തുടച്ച് ഞാൻ പില്ലോയിലേക്ക് ചാഞ്ഞു.

വെക്കേഷൻ ആസ്വദിക്കാൻ തയ്യാറെടുക്കുന്ന ഭാര്യയും ഭർത്താവും മകനുമടങ്ങുന്ന
ആ കുടുംബത്തിലേക്ക്, മുട്ട കടം ചോദിച്ചുകൊണ്ട് വരുന്ന ഒരു യുവാവ്, ശേഷം
അവനെ തേടി വരുന്ന മറ്റൊരുവൻ. രണ്ടുപേരും ചേർന്ന് പതിയെ അവരെ
സ്വന്തം വീട്ടിൽ ബന്ധികൾ ആക്കുകയാണ്.

ശബ്ദകൊലാഹലങ്ങളൊ ആയുധങ്ങളുടെ കൂട്ടപ്പൊരിചിലൊ രക്തം ചിന്തലൊ ഇല്ലാതെ തന്നെ, പ്രേക്ഷകനെ മുൾമുനയിൽ നിർത്താൻ സംവിധായകന് കഴിഞ്ഞു എന്ന് എന്നിലെ സിനിമാ പ്രേമി വിലയിരുത്തുമ്പോളും, അവർകൊന്നെഴുന്നെറ്റ് ഓടാൻ കഴിഞ്ഞിരുന്നെങ്കിൽ, ആർകെങ്കിലും
ഫോണ്‍ ചെയ്യാൻ കഴിഞ്ഞെങ്കിൽ, അടിച്ച് വീഴ്ത്താൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.
നവോമി വാട്സ് അവതരിപ്പിച്ച വീട്ടമ്മയുടെ കണ്ണുകൾ എന്നെ പീടിപ്പിച്ചുകൊണ്ടിരുന്നു, മകന്റെ മുൻപിൽ വസ്ത്രാക്ഷേപയാക്കുന്ന ആ നിമിഷം ഭൂമി പിളര്ന്നു താഴൊട്ട് പോയെങ്കിൽ എന്നാശിച്ചു.കാലിൽ ഏല്പിച്ച മുറിവ് മൂലം അനങ്ങാൻ കഴിയാത്ത ഭർത്താവിന്റെ നിസ്സഹായതയിൽ ഞാൻ തേങ്ങി.
 ഇടക്ക് മകൻ ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ ഞാനെന്റെ കാലുകൾ അവനു കടം നല്കി. ഒടുവിൽ അവന്റെ രക്തം ടീവിയിലേക് ചീറ്റിയപ്പൊൾ, ഒരുനിമിഷം ഞാൻ കണ്ണടച്ച് പിടിച്ചു.
എന്നിട്ടും ഞാൻ ആശ്വസിച്ചു, I Spit On Your Grave എന്ന സിനിമയും ഒരിക്കലെന്നെ ഇതുപോലെ ശിക്ഷിച്ചതാണ്, പക്ഷെ അക്രമികൾക്ക് തക്ക ശിക്ഷ നല്കിയ ക്ളൈമാക്സ് എന്നെ ഏറെ ആശ്വസിപ്പിചച്ചിരുന്നു. അങ്ങനെ ഒരു ഭാഗം ഇല്ലാത്ത കഥകൾ ഉണ്ടാകാറില്ല എന്ന വിശ്വാസം അവസാനം വരെ എന്നെ പിടിച്ചിരുത്തി.

ഒരു ഭാവമാറ്റവും ഇല്ലാതെ അവർ അടുത്ത വീട്ടിൽ മുട്ട ചോദിച്ചു ചെല്ലുംബോൾ, കുപ്പിയിലെ തണുത്ത വെള്ളം മുഴുവൻ ഞാൻ കുടിച്ചു വറ്റിച്ചു.


സിനിമകൾ ജീവിതത്തെക്കാൾ വേദനിപ്പിക്കുന്നു എന്ന് തോന്നിയപ്പോൾ ഡൽഹിയിലെ പെണ്‍കുട്ടിയും സൌമ്യയും മറ്റനേകം മുഖങ്ങളും മനസിലേക്കോടിയെത്തി ചോദിച്ചു, "അപ്പോൾ ഞങ്ങളോ ...?"

കണ്ണടച്ചിരിക്കുമ്പോൾ ബിരുദത്തിനു പഠിപ്പിക്കുന്ന മകൾ ചോദിച്ചു,
"ഇതെന്ത് സിനിമയാ എന്നെ കാണിക്കുന്നത്, തിന്മ ജയിക്കോ,
തിന്മ ജയിക്കാൻ പാടുണ്ടോ..?"

കണ്ണുതുറക്കാതെ ഞാനെന്റെ ഫിലോസഫി കെട്ടഴിച്ചു, "നന്മയുടെ ജയം നടക്കുന്നത് രണ്ടു ഇടങ്ങളിലാണ്, കഥകളിലും ദൈവസന്നിധിയിലും..പിന്നെ..." പറഞ്ഞത് പൂർത്തിയാക്കാൻ കഴിയാതെ തൊണ്ട ഇടറി ..

നടുനിവർത്തി കിടന്നിട്ടും ഉറക്കം തിരിഞ്ഞ് നോക്കാതെ ദൂരേക്ക് നടന്നകന്നു, അതിനിന്നലെ ആ സിനിമയിലെ സൈക്കോപാത്തിന്റെ കണ്ണ്കൾ ആയിരുന്നു, ദയയെന്ന വികാരം തോട്ടുതീണ്ടാത്തവ !

JOHN Q.. പിതാവും പുത്രനും !!



2002-ൽ പുറത്തിറങ്ങിയ "JOHN Q"എന്ന ഈ സിനിമ രണ്ടു ദിവസം മുന്പാണ് കണ്ടത്, 
ഹൃദയസ്പർശിയായ ഒരു സീനുണ്ട് അതിൽ, ഒരു പിതാവും പുത്രനും തമ്മിലുള്ള അത്യപൂർവ നിമിഷം !
ഡെൻസൽ വാഷിങ്ങ്റ്റണ്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന  ഭാവങ്ങൾ..
ഹൃദയം മാറ്റിവെക്കാൻ ഡോക്ടർ റെഡി ആകുമ്പോൾ ചേരുന്ന ഡോണർ ഇല്ല എന്ന് കണ്ട് ആത്മഹത്യ ചെയ്ത് സ്വന്തം ഹൃദയം മകന് നല്കാൻ ജോണ്‍ തീരുമാനിക്കുന്നു, ശേഷം മകനെ അവസാനമായി കാണാൻ പോകുന്ന സീൻ ആണ് ഞാൻ പറഞ്ഞുവരുന്നത്.
ജോണ്‍, മകന് നല്കുന്ന ഉപദേശം പ്രേക്ഷകരുടെ കണ്ണുകൾ നിറയ്ക്കും എന്ന് കണ്ടവർക്ക് സംശയമുണ്ടാകില്ല, മാത്രമല്ല, ഒരാൾ തന്റെ മകന് നല്കേണ്ട ഏറ്റവും നല്ല ഉപദേശങ്ങൾ ആണെന്നും എനിക്ക് അഭിപ്രായമുണ്ട്.
സീനിലേക്ക് :
ജോണ്‍, മകന്റെ മുഖത്ത് നോക്കി അടുത്തിരിക്കുന്നു.
"ഹേയ് മൈക്ക്, (നിഷ്കളങ്കമായി ചിരിക്കുന്നു) ഒരു നിമിഷം നീ ഉറങ്ങി പോകാതെ ഇരിക്കണം, എനിക്ക് കുറച്ച് കാര്യങ്ങൾ നിന്നോട് പറയാനുണ്ട്.
നീ എപ്പോഴും നിന്റെ അമ്മ പറഞ്ഞതനുസരിക്കണം ..മനസിലായോ..? 
അവർ പറയുന്നത് ചെയ്യണം.. അമ്മയാണ് നിന്റെ ബെസ്റ്റ് ഫ്രെണ്ട്.. 
നീ അമ്മയെ സ്നേഹിക്കുന്നു എന്ന് എന്നും അവരോടു പറയണം.
(ചിരിച്ചുകൊണ്ട്) നീ ഇപ്പോൾ വളരെ ചെറുതാണ്, പെണ്‍കുട്ടികളുടെ വിഷയത്തിൽ... പക്ഷെ ഒരു സമയം വരും.. അന്ന് നീ അവരെ രാജകുമാരിയെ പോലെ ട്രീറ്റ് ചെയ്യണം..കാരണം അവർ രാജകുമാരിമാർ ആണ്..
മോനെ, നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, (കണ്ണ് നിറയുന്നു ) 

നീ ഒരു കാര്യം ചെയ്യും എന്ന് ആരോടെങ്കിലും പറഞ്ഞാൽ, നീ അത് ചെയ്യണം...
കാരണം, വാക്കാണ്‌ നിന്റെ എല്ലാം, അതാണ്‌ നിന്നെ നീ ആക്കുന്നത്..
ആ.. പിന്നെ,, (മുഖം മുറുകുന്നു) നീ പൈസ ഉണ്ടാക്കണം, നിനക്ക് ചാൻസ് കിടുമ്പോളൊക്കെ പൈസ ഉണ്ടാക്കണം..നിന്റെ അച്ഛനെ പോലെ സ്റ്റുപിഡ് ആകരുത്.. ജീവിതത്തിൽ, പൈസയുള്ളവർക് എല്ലാം ഈസിയാണ് മോനെ..
നീ സിഗരറ്റ് വലിക്കരുത്, മനുഷ്യരോട് ദയവുള്ളവൻ ആകണം, 
നിന്നെ ആർകെങ്കിലും ആവശ്യം വന്നാൽ, നീ എഴുന്നേറ്റ് നില്കണം ..
ആണുങ്ങളെ പോലെ ..
പിന്നെ മോനെ .. നീ ചീത്ത കാര്യങ്ങളിൽ നിന്ന് വിട്ടുനില്കണം, പ്ലീസ്..
ദയവായി, ചീത്ത കാര്യങ്ങളുമായി നീ ഇടപഴകരുത്..
ഒരുപാട് മഹത്തായ കാര്യങ്ങൾ നിനക്ക് ചെയ്യാനുണ്ട്... (കരയുന്നു)
ഞാൻ നിന്റെ കൂടെ ഉണ്ട് ..! (ഹൃദയത്തിൽ കൈ വക്കുന്നു)
ഐ ലവ് യൂ, മോനെ ... (നെറുകയിൽ ചുംബിച് തിരിഞ്ഞ് നടക്കുന്നു )